കേരള സർവകലാശാലയിലെ ഭരണപ്രതിസന്ധി: "വിസിക്ക് പിടിവാശിയില്ല, സർക്കാർ മുട്ട് മടക്കുകയുമില്ല"; ഒന്നാം ഘട്ട ചർച്ചകള്‍ കഴിഞ്ഞതായി മന്ത്രി

രജിസ്ട്രാർ കെ.എസ്. അനിൽകുമാറിന്റെ സസ്പെൻഷൻ നടപടിയിൽ സിൻഡിക്കേറ്റും വൈസ് ചാൻസലറും നിലപാട് മാറ്റാതെ തുടരുകയാണ്
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദുSource: Screengrab/ News Malayalam 24x7
Published on

തിരുവനന്തപുരം: കേരള സർവകലാശാലയിലെ അധികാര പോര് സമവായത്തിലേക്ക്. പ്രശ്നപരിഹാരത്തിനായി സിൻഡിക്കേറ്റ് യോഗം വിളിക്കണമെന്ന ആവശ്യത്തോട് സിൻഡിക്കേറ്റും വിസിയും അനുഭാവ നിലപാട് സ്വീകരിച്ചെന്ന് മന്ത്രി ആർ. ബിന്ദു പ്രതികരിച്ചു. അപ്പോഴും രജിസ്ട്രാർ കെ.എസ്. അനിൽകുമാറിന്റെ സസ്പെൻഷൻ നടപടിയിൽ സിൻഡിക്കേറ്റും വൈസ് ചാൻസലറും നിലപാട് മാറ്റാതെ തുടരുകയാണ്. അതിനിടെ സെനറ്റ് ഹാളിലെ കാവിക്കൊടിയേന്തിയ ഭാരതാംബയെ കുറിച്ചുള്ള ചോദ്യത്തിൽ പ്രകോപിതനായ മോഹനൻ കുന്നുമ്മൽ വാർത്താസമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയി.

കേരള സർവകലാശാലയിലെ ഭരണപ്രതിസന്ധി രൂക്ഷമായതോടെയാണ് സമവായത്തിന് സംസ്ഥാന സർക്കാർ തന്നെ രം​ഗത്തെത്തിയത്. വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനെ മന്ത്രി ആർ. ബിന്ദു നേരിട്ട് ബന്ധപ്പെട്ടു. വിസി മന്ത്രിയുമായി നേരിട്ട് കൂടികാഴ്ച നടത്തി. സർവകലാശാലയിലെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. സിൻഡിക്കേറ്റ് യോ​ഗമെന്ന ആവശ്യത്തോട് വിസി അനുഭാവ നിലപാട് സ്വീകരിച്ചെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു
"ഒത്തുതീർപ്പിനില്ല"; സർക്കാരിന്റെ സമവായത്തിന് വഴങ്ങാതെ വിസി മോഹനന്‍ കുന്നുമ്മല്‍

ഒന്നാം ഘട്ട ചർച്ച മാത്രമാണ് ഇപ്പോൾ ഇരുവിഭാ​ഗങ്ങളുമായി നടന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ ഉണ്ടാകുമെന്നും മന്ത്രി ആർ. ബിന്ദു അറിയിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമെങ്കിൽ ഗവർണറുമായി ചർച്ച നടത്താനും സർക്കാർ തയ്യാറാണ്. ആർക്കും പ്രയാസമല്ലാത്ത രീതിയിൽ ഉള്ള പ്രശ്നം പരിഹാരമാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

നിയമത്തിന്റെ അടിസ്ഥാനത്തിലെ പ്രവർത്തിക്കാനാകുവെന്നും മാധ്യമങ്ങള്‍ വേവലാതിപ്പെടേണ്ട എന്നും മന്ത്രി പറഞ്ഞു. വിസിക്ക് പിടിവാശി ഇല്ല. സർക്കാർ മുട്ട് മടക്കുകയുമില്ല. മാധ്യമങ്ങൾക്ക് സർവകലാശാല കത്തി എരിയുന്നത് കാണാനായിരിക്കും താല്‍പ്പര്യം. രജിസ്ട്രാർ ആരായിരിക്കുമെന്നത് ബന്ധപ്പെട്ട അതോറിറ്റി തീരുമാനിക്കും. വിദ്യാർഥികളെ ദോഷകരമായി ബാധിക്കുന്ന ഒന്നും ഉണ്ടാവില്ലെന്നും മന്ത്രി ഉറപ്പുനല്‍കി.

പക്ഷേ രജിസ്ട്രാർക്കെതിരെയുള്ള നടപടിയിൽ വിസി ഉറച്ച് നിന്നു. കെ.എസ്. അനിൽകുമാർ ഓഫീസിൽ പ്രവേശിക്കുന്നത് ഗവർണറോടുള്ള അനാദരവാണെന്നും സസ്പെൻഷൻ ഉത്തരവ് അംഗീകരിക്കാതെ സമവായത്തിലെത്തില്ലെന്നും മന്ത്രിയെ മോഹനൻ കുന്നുമ്മൽ അറിയിച്ചു. പ്രശ്നപരിഹാരത്തിനായി സിൻഡിക്കേറ്റ് യോ​ഗം വിളിച്ച് ചേർക്കണമെന്ന് ഇടത് സിൻഡിക്കേറ്റ് അം​ഗങ്ങൾ ആവശ്യപ്പെടുമ്പോഴും നിലപാട് തിരുത്താൻ അവരും തയ്യാറാകുന്നില്ല.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു
കേരള സർവകലാശാല വിസി-രജിസ്ട്രാർ പോരില്‍ സമവായത്തിന് സർക്കാർ; വിസിയെ വിളിച്ചു സംസാരിച്ചതായി മന്ത്രി ആർ. ബിന്ദു

വൈസ് ചാൻസലറില്ലാത്ത മൂന്നാഴ്ച കാലം കൊണ്ട് കേരള സർവകലാശാലയിൽ വന്ന് നിറഞ്ഞത് 1,838 ഡിഗ്രി സർട്ടിഫിക്കറ്റുകളാണ്. കനത്ത പൊലീസ് സുരക്ഷയിൽ ഇന്ന് സർവകലാശാലയിലെത്തിയ മോഹനൻ കുന്നുമ്മൽ എല്ലാ ഫയലുകളിലും ഒപ്പ് വെച്ചു. എസ്എഫ്ഐക്കാരുടെ സമരം അടുത്ത തെരഞ്ഞെടുപ്പിൽ നേതൃപാടവം പാർട്ടിയെ ബോധ്യപ്പെടുത്താനാണെന്ന ആക്ഷേപവും വി.സി ഉന്നയിച്ചു. ഇതിനിടെയിലായിരുന്നു ചെഗുവേരയെ കുറിച്ചുള്ള പരാമർശം. യൂണിവേഴ്സിറ്റി കൊളേജിൽ ചെഗുവേരയുടെ ചിത്രമാണ് വയ്ക്കുന്നത്. ചെഗുവേര മികച്ച നേതാവാണ്. പക്ഷേ അഡ്മിഷൻ നടക്കുന്ന സ്ഥലത്ത് വെക്കാൻ പാടില്ല. ഇതോടെ സെനറ്റ് ഹാളിൽ കാവിക്കൊടിയേന്തിയ ഭാരതാംബ വെച്ചതിൽ പ്രശ്നമില്ലേയെന്ന് മാധ്യമങ്ങൾ ചോദിച്ചു. പിന്നാലെയായിരുന്നു വിസിയുടെ ഇറങ്ങിപ്പോക്ക്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com