കണ്ണൂർ: കണ്ണപുരത്തെ സ്ഫോടനത്തിൽ സമഗ്രാന്വേഷണം വേണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. സ്ഫോടനത്തിൽ പിന്നിൽ അസ്വാഭാവികത ഉണ്ടോ എന്നത് അന്വേഷിച്ച് കണ്ടെത്തണമെന്നും എം.എ. ബേബി പറഞ്ഞു. ഇത്തരം സംഭവങ്ങൾ ദൗർഭാഗ്യകരമാണ്. ഇത്തരം അപകടങ്ങൾ ഒഴിവാക്കേണ്ടതാണ്. പടക്ക നിർമാണം നടത്തുന്നിടത്താണ് അപകടം ഉണ്ടായത്. വിഷയത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടുപിടിക്കണമെന്നും എം.എ. ബേബി പറഞ്ഞു.
സ്ഫോടനത്തിന് പിന്നാലെ രാഷ്ട്രീയ ആരോപണ പ്രത്യാരോപങ്ങളും കണ്ണൂരിൽ സജീവമാണ്. ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനമാണെന്നായിരുന്നു കോൺഗ്രസിൻ്റെ ആരോപണം. പിന്നാലെ കോൺഗ്രസിനെതിരെ സിപിഐഎമ്മും ബിജെപിയും രംഗത്തെത്തി. സ്ഫേടനം നടന്ന വീട് വാടകയ്ക്കെടുത്ത അനൂപ് മാലിക് കോൺഗ്രസ് ബന്ധമുള്ളയാളെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ആരോപിച്ചു. അനൂപ് മാലിക് കെ. സുധാകരന്റെ അടുത്ത അനുയായിയെന്നാണ് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ ആരോപിച്ചത്.
ഇന്ന് പുലർച്ചെ 1.50 നാണ് ഉഗ്ര ശബ്ദത്തോടെ കണ്ണപുരം കീഴറയിൽ പൊട്ടിത്തെറി ഉണ്ടായത്. ചാലാട് സ്വദേശി മുഹമ്മദ് ആഷാമാണ് അപകടത്തിൽ മരിച്ചത്. ഗോവിന്ദൻ എന്ന ആളുടെ ഉടമസ്ഥതയിൽ ഉള്ള വീട്ടിലാണ് സ്ഫോടനം നടന്നത്. 200 മീറ്ററിലേറെ ദൂരം പൊട്ടിത്തെറിയുടെ പ്രകമ്പനമുണ്ടായി. സമീപവാസികൾ സ്ഥലത്തേക്ക് എത്തിയപ്പോൾ പൂർണമായും തകർന്ന് നിലം പതിച്ച വീടാണ് കണ്ടത്. കോൺക്രീറ്റ് സ്ലാബ് ഉൾപ്പെടെ പൊട്ടിച്ചിതറിയ നിലയിലായിരുന്നു. പൊട്ടിത്തെറിയിൽ സമീപത്തെ അഞ്ച് വീടുകളിലും സാരമായ കെടുപാടുണ്ടായി. സംഭവത്തിൽ എക്സ്പ്ലോസിവ് സബ്സ്റ്റൻസ് ആക്ട് പ്രകാരം പൊലീസ് കേസ് എടുത്തിട്ടുണ്ട്. അനൂപ് മാലിക് എന്നയാൾക്കെതിരെയാണ് കേസെടുത്തത്.
സ്ഫോടനം നടന്ന വീട്ടിൽ രണ്ടുപേരാണ് സ്ഥിരമായി ഉണ്ടാകാറുള്ളത്. രാത്രികാലങ്ങളിലാണ് ഇവർ ഇവിടേക്ക് എത്താറുണ്ടായിരുന്നത്. ഇതിനാൽ നാട്ടുകാർക്കും ഇവരെ കണ്ട് പരിചയമില്ലായിരുന്നു. സ്ഫോടനസമയത്ത് ഉറങ്ങുകയായിരുന്നു മരിച്ച മുഹമ്മദ് അഷാം. ഇയാൾ അനൂപ് മാലിക്കിന്റെ ഭാര്യ സഹോദരനാണ്. ഒരു വർഷം മുൻപാണ് ഇവർക്ക് വീട് വാടകയ്ക്ക് നൽകിയത്. പയ്യന്നൂരിൽ സ്പെയർ പാർട്സ് കട നടത്തുന്നയാളെന്ന് പരിചയപ്പെടുത്തിയാണ് അനൂപ് മാലിക് വീട് വാടകയ്ക്ക് എടുത്തതെന്നാണ് വീട്ടുടമ പറയുന്നത്.
നേരത്തെയും സ്ഫോടക വസ്തുക്കൾ അനധികൃതമായി ശേഖരിച്ച കേസുകളിൽ പ്രതിയാണ് അനൂപ്. 2016ൽ കണ്ണൂർ പൊടിക്കുണ്ടിൽ സ്ഫോടനം നടന്ന വീട് വാടകയ്‌ക്കെടുത്തതും അനൂപായിരുന്നു. ഇയാൾക്കെതിരെ കണ്ണൂർ, വളപട്ടണം, മട്ടന്നൂർ പോലീസ് സ്റ്റേഷനുകളിലായി ആറ് കേസുകളുണ്ട്. കണ്ണപുരത്തെ സ്ഫേടനത്തിൽ കണ്ണൂർ സിറ്റി ക്രൈം ബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.