
കണ്ണൂരിലെ കണ്ണപുരത്ത് ഇന്ന് പുലര്‍ച്ചെ വാടക വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ പൊലീസ് കേസെടുത്തിരിക്കുകയാണ്. വീട് വാടകയ്‌ക്കെടുത്ത അനൂപ് മാലിക്കിനെതിരെയാണ് എക്‌സ്‌പ്ലോസീവ് സബ്‌സ്റ്റന്‍സ് ആക്ട് പ്രകാരം കേസെടുത്തത്. കേസ് ജില്ലാ ക്രൈം ബ്രാഞ്ച് എസിപി അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
ഇന്ന് പുലര്‍ച്ചെയോടെയുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. സ്‌ഫോടനം നടന്ന വീട്ടില്‍ വെടിമരുന്നും പടക്ക നിര്‍മാണ സാമഗ്രികളും അടക്കം കണ്ടെത്തിയിട്ടുണ്ട്. ഷെല്‍ഫില്‍ സൂക്ഷിച്ച നിലയിലായിരുന്നു വെടിമരുന്ന്. അനുമതിയേതുമില്ലാതെയാണ് സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചതെന്നും പൊലീസ് പറയുന്നുണ്ട്. ഉത്സവങ്ങള്‍ക്കായി ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചതെന്നാണ് പൊലീസ് നിഗമനം.
അനൂപ് മാലിക്കിന് കരാര്‍ പോലുമില്ലാതെയാണ് വാടകയ്ക്ക് വീട് നല്‍കിയതെന്നാണ് ഉടമസ്ഥ ദേവി പറയുന്നത്. പെട്ടെന്ന് തന്നെ വീടൊഴിയുമെന്ന തരത്തിലാണ് വീട് വാടകയ്‌ക്കെടുത്തത്. ഒരു വര്‍ഷമായി ഇവര്‍ ഈ വീട്ടില്‍ താമസിക്കുന്നുണ്ടായിരുന്നെങ്കിലും ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും ദേവി പറഞ്ഞു.
കണ്ണപുരത്തുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ചാലാട് സ്വദേശി മുഹമ്മദ് ആഷാം പ്രതി അനൂപ് മാലിക്കിന്റെ ബന്ധുവാണെന്നും പൊലീസ് സ്ഥിരീകരിച്ചു. സ്‌പെയര്‍പാര്‍ട്‌സ് ആവശ്യങ്ങള്‍ക്കായെന്ന പേരിലാണ് അനൂപ് മാലിക്ക് കണ്ണപുരത്ത് വീട് വാടകയ്‌ക്കെടുത്തത്. എന്നാല്‍ ഇയാള്‍ നേരത്തെയും സ്‌ഫോടന കേസുകളില്‍ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്.
അനൂപ് മാലിക്കിനെതിരെ കണ്ണൂര്‍, വളപട്ടണം, മട്ടന്നൂര്‍ സ്റ്റേഷനുകളിലായി ആറ് കേസോളം നിലവിലുണ്ട്. പടക്ക കച്ചവടത്തിനായി സ്‌ഫോടക വസ്തുക്കള്‍ നിര്‍മിച്ച് സൂക്ഷിക്കുകയാണ് പ്രതിയുടെ രീതി.
25 വര്‍ഷമായി അനൂപ് ചെയ്തുകൊണ്ടിരിക്കുന്നത് ഇത്തരത്തിലുള്ള സ്‌ഫോടക വസ്തു നിര്‍മാണമാണ്. പല സ്ഥലങ്ങൡലായി വാടക വീടെടുത്ത് സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കും. ആളുകള്‍ക്ക് സംശയം തോന്നിതുടങ്ങുമ്പോള്‍ സ്ഥലം മാറ്റുകയുമാണ് രീതി.
2016ല്‍ ഇരുനില വീട്ടില്‍ നടന്ന സ്‌ഫോടന കേസിലും അനൂപ് മാലിക്ക് പ്രതിയാണെന്ന് പൊലീസ് പറയുന്നു. 2016 മാര്‍ച്ചില്‍ പൊടിക്കുണ്ട് രാജേന്ദ്ര നഗര്‍ കോളനിയിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ ആറ് വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിരുന്നു. 17 വീടുകള്‍ക്ക് ഭാഗികമായും നാശനഷ്ടമുണ്ടായി.
എന്നാല്‍ കണ്ണപുരത്ത് നടന്നത് ബോംബ് നിര്‍മാണമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. പൊലീസിനെയും സിപിഐഎമ്മിനെയും കുറ്റപ്പെടുത്തിയാണ് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് ബോംബ് നിര്‍മാണത്തിനിടയിലെ സ്ഫോടനമെന്ന് കുറ്റപ്പെടുത്തിയത്. എന്നാല്‍ കോണ്‍ഗ്രസിനെതിരെ സിപിഐഎമ്മും ബിജെപിയും രംഗത്തെത്തി.
അനൂപ് മാലിക്ക് കോണ്‍ഗ്രസ് ബന്ധമുള്ള ആളാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പറഞ്ഞു. അനൂപ് മാലിക്ക് കെ സുധാകരന്റെ വലംകൈ ആണെന്നായിരുന്നു ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെകെ വിനോദ് കുമാര്‍ ആരോപിച്ചത്. നേരത്തെയുണ്ടായ കേസുകളില്‍ കെ സുധാകരന്‍ അനൂപ് മാലിക്കിന് സംരക്ഷണം ഒരുക്കിയിരുന്നതായും ആക്ഷേപം ഉയരുന്നുണ്ട്.