ആർഎസ്എസ് പരിപാടിയിൽ വിസിമാർ പങ്കെടുത്തത്: പോർമുഖം തുറന്ന് പ്രതിപക്ഷം, പ്രതിരോധിച്ച് സർക്കാർ

എന്നാൽ വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് അപരാധമല്ലെന്നാണ് ബിജെപിയും ഭാഷ്യം
vd satheesan
വി.ഡി. സതീശൻ, പിണറായി വിജയൻ Source: Facebook
Published on
Updated on

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ നീക്കമെന്ന ആരോപണം കടുപ്പിച്ച് സംസ്ഥാന സർക്കാരിനെതിരെ പുതിയ പോർമുഖം തുറന്ന് പ്രതിപക്ഷം. ആർഎസ്എസിന്റെ നൂറാം വാർഷിക പരിപാടിയിൽ മൂന്ന് വിസിമാർ പങ്കെടുത്തത് ഉയർത്തിക്കാട്ടിയാണ് കടുത്ത വിമർശനമുയർത്തുന്നത്. സംഘപരിവാറിന് മുന്നിൽ യുഡിഎഫ് സർക്കാർ കീഴടങ്ങിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. വൈസ് ചാൻസലർമാർ മതേതരത്വത്തെ ചോദ്യം ചെയ്യുന്നെന്നും പിണറായി വിജയൻ പറഞ്ഞു. സർവകലാശാലകളുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് കൂട്ടുനിൽക്കുന്നെന്ന് എം.വി. ഗോവിന്ദനും ആരോപിച്ചു. ബി. അശോക് ആർഎസ്എസ് അംബാസഡർ ആണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.

അതേസമയം, ഗുരുതര വീഴ്ചയിൽ വിസിമാർ മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ആവശ്യപ്പെട്ടു. ഗുരുതരമായ വീഴ്ചയാണ് വൈസ് ചാൻസലർമാർക്ക് ഉണ്ടായതെന്നും കേരളത്തിൻ്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാൻസലർമാരുടെ അന്തസിനും നിരക്കാത്തതാണതാണെന്നും വി.ഡി. സതീശൻ പറഞ്ഞു. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ല. മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

vd satheesan
"ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തവരൊക്കെ മാപ്പ് പറയുകയാണെങ്കിൽ ആദ്യം മുഖ്യമന്ത്രി മാപ്പ് പറഞ്ഞ് തുടങ്ങണം"; കമന്റുമായി കെ. സുരേന്ദ്രൻ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത വിസിമാർ ചെയ്തത് അക്ഷന്തവ്യമായ തെറ്റെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു. സർവകലാശാലകളുടെ മതേതര സ്വഭാവത്തെ ഇത് ബാധിക്കും. വിഭാഗീയതയുടെയും വിദ്വേഷത്തിൻ്റെയും വിളനിലമായി സർവകലാശാലകൾ മാറരുത്. മൂന്ന് വി സിരും തെറ്റ് ഏറ്റുപറയണമെന്നും ഭാവിയിൽ ഇത്തരം പരിപാടികളിൽ നിന്ന് വിട്ടുനിൽക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സംഘപരിവാർ പരിപാടിയിൽ വിസിമാർ പങ്കെടുത്തത് ഗുരുതരമായ പ്രശ്നമെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പ്രതികരിച്ചത്. സർവകലാശാലകളുടെ മതേതര സ്വഭാവത്തെ അട്ടിമറിക്കാൻ നിരന്തരം ശ്രമം നടക്കുകയാണ്. അങ്ങനെയൊരു കാലത്ത് വിസിമാരുടെ ഭാഗത്തുനിന്ന് ഈ സമീപനം ഉണ്ടാകാൻ പാടില്ലായിരുന്നു. ചെയ്തത് തെറ്റായിപ്പോയെന്ന് സമൂഹത്തോട് പറയണമെന്നും മന്ത്രി റോജി എം ജോൺ പറഞ്ഞു.

എന്നാൽ വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് അപരാധമല്ലെന്നാണ് ബിജെപിയും ഭാഷ്യം. വിസിമാർ ചട്ടം ലംഘിച്ചെങ്കിൽ നിയമനടപടി സ്വീകരിക്കണമെന്ന് വി. മുരളീധരൻ പറഞ്ഞു. ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തവർ മാപ്പ് പറയുകയാണെങ്കിൽ ആദ്യം മാപ്പ് പറയേണ്ടത് വിഡി സതീശനാണെന്ന് കെ.സുരേന്ദ്രനും പരി​ഹസിച്ചു.

Related Stories

"ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തവരൊക്കെ മാപ്പ് പറയുകയാണെങ്കിൽ ആദ്യം മുഖ്യമന്ത്രി മാപ്പ് പറഞ്ഞ് തുടങ്ങണം"; കമന്റുമായി കെ. സുരേന്ദ്രൻ
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
Pinarayi Vijayan says the White Paper is a political document
ഇ.ഡി എന്നോട് ഒന്നും ചോദിച്ചിട്ടില്ല.. ഒരുപാട് അക്കൗണ്ടില്ല, മരവിപ്പിച്ചത് വീണയുടെ ഒരു അക്കൗണ്ട്: പിണറായി വിജയൻ
News Malayalam 24x7
newsmalayalam.com