
കൊഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോർപ്പറേഷനിൽ ഇത്തവണയും എല്‍ഡിഎഫ് ആത്മവിശ്വാസത്തിലാണ്. വിജയം ആവർത്തിക്കാനാകുമെന്ന് തന്നെയാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ .
എന്നാൽ, നഗര വികസനം സാധ്യമാക്കാത്ത ഭരണ സമിതിക്കെതിരെ ജനങ്ങൾക്കിടയിൽ അമർഷം ശക്തമാണെന്നും ഇത്തവണ അധികാരത്തിലെത്താന്‍ ആകുമെന്നുമാണ് യുഡിഎഫിന്റെ അവകാശവാദം. നില മെച്ചപ്പെടുത്താനാകുമെന്ന പ്രതീക്ഷ ബിജെപിക്കും ഉണ്ട്.
കോഴിക്കോട് കോർപ്പറേഷനിൽ കഴിഞ്ഞ 50 വർഷമായി എല്‍ഡിഎഫിനാണ് ഭരണം. 75 വാർഡുളള കോർപ്പറേഷനിൽ 50 വാർഡും ഇടത് മുന്നണിക്ക് ഒപ്പമാണ്. യുഡിഎഫിന് 18ഉം ബിജെപിക്ക് ഏഴും കൗൺസിലർമാരുണ്ട്. നിരവധി തവണ കോൺഗ്രസ് ഭരിച്ചിട്ടുണ്ടെങ്കിലും 1975ന് ശേഷം വിജയിക്കാനായിട്ടില്ല. വാർഡ് വിഭജനത്തിൽ ഒരു വാർഡ് വർധിച്ചെങ്കിലും, വിജയം ആവർത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്.
2010ലാണ് ബേപ്പൂർ, എലത്തൂർ, ചെറുവണ്ണൂർ പഞ്ചായത്തുകൾ കൂടി കോർപ്പറേഷന്റെ ഭാഗമായത്. ഇതോടെ വാർഡുകളുടെ എണ്ണം 55ൽ നിന്നും 75 ആയി. ഇത് ഭരണം നിലനിർത്താനുളള സിപിഐഎം തന്ത്രമായിരുന്നു എന്നാണ് യുഡിഎഫ് ആരോപണം. തൊട്ടടുത്തായിട്ടും യുഡിഎഫിന് സ്വാധീനമുള്ള ഒളവണ്ണ പഞ്ചായത്ത് ഒഴിവാക്കിയത് ആരോപണത്തിന്റെ ശക്തി വർധിപ്പിച്ചു. എന്നാൽ, ഇത്തവണ യുഡിഎഫ് വിജയ പ്രതീക്ഷയിലാണ്. നഗരവികസനം യാഥാർത്ഥ്യമാക്കുന്നതിൽ ഭരണ സമിതി പരാജയപ്പെട്ടു എന്നാണ് പ്രധാന ആരോപണം.
കഴിഞ്ഞ തവണ ഏഴ് വാർഡുകളിൽ വിജയിച്ച ബിജെപിക്ക് ഇത്തവണ രണ്ടിരട്ടിയിലധികം വാർഡുകളിൽ വിജയ പ്രതീക്ഷയുണ്ട്. കഴിഞ്ഞ തവണ 22 വാർഡുകളിൽ രണ്ടാം സ്ഥാനത്തായിരുന്നു ബിജെപി.