തിരുവനന്തപുരം: മുള്ളൻ പന്നിയെ കൊന്ന കേസിൽ ഒളിവില്‍ പോയ സിപിഐഎം നേതാവും വെള്ളനാട് പഞ്ചായത്ത് പ്രസിഡൻ്റുമായ വെള്ളനാട് ശശി പിടിയിൽ. തമ്പാനൂരിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്ന് ജാമ്യപേക്ഷ പരിഗണിക്കാനിരിക്കെയാണ് ശശി പിടിയിലായത്.
ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് വെള്ളനാട് വാളിയറയിലെ രജിതയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ മുള്ളൻ പന്നിയെ കണ്ടത്. ഇതിനുപിന്നാലെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നവർ പഞ്ചായത്ത് മെമ്പറായ ശൈലജയെയും നാട്ടുകാരേയും വിവരം അറിയിക്കുകയായിരുന്നു.
വിവരം അറിഞ്ഞതിന് പിന്നാലെ വനം വകുപ്പിനെ എത്രയും പെട്ടെന്ന് വിവരം അറിയിക്കണമെന്നും മുള്ളൻ പന്നിയെ ഏറ്റെടുക്കണമെന്നും ശൈലജ പഞ്ചായത്ത് പ്രസിഡൻ്റായ വെള്ളനാട് ശശിയെ അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നതിനുമുന്നേ സംഭവ സ്ഥലത്തെത്തിയ വെള്ളനാട് ശശി സമീപത്ത് ഉണ്ടായിരുന്ന ഇരുമ്പുവടി കൊണ്ട് മുള്ളൻ പന്നിയെ അടിച്ചുകൊല്ലുകയായിരുന്നു.
നാട്ടുകാരുടെ എതിർപ്പ് അവഗണിച്ചാണ് ശശി മുള്ളൻ പന്നിയെ കൊന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയാൽ കേസ് ആകുമെന്ന് പറഞ്ഞപ്പോൾ, കേസും കോടതിയൊന്നും തനിക്ക് പേടിയില്ലെന്നായിരുന്നു ശശി പറഞ്ഞത്. ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയപ്പോഴെക്കും ശശി സംഭവസ്ഥലത്ത് നിന്ന് പോയിരുന്നു.