തിരുവനന്തപുരം: മുള്ളന്‍ പന്നിയെ ഇരുമ്പ് പൈപ്പുകൊണ്ട് അടിച്ചുകൊന്ന് സിപിഐഎം നേതാവും പഞ്ചായത്ത് പ്രസിഡൻ്റുമായ വെള്ളനാട് ശശി. സംഭവത്തെ തുടർന്ന് ശശിക്കെതിരെ വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്തു. ശശിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വെള്ളനാട് വാളിയറയിൽ ഇന്ന് രാവിലെ 7.30ഓടുകൂടിയാണ് രജിതയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ മുള്ളൻപന്നിയെ കണ്ടത്. ഇതിനുപിന്നാലെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നവർ പഞ്ചായത്തംഗമായ ശൈലജയേയും നാട്ടുകാരേയും വിവരം അറിയിക്കുകയായിരുന്നു.
വിവരം അറിഞ്ഞതിന് പിന്നാലെ വനം വകുപ്പിനെ എത്രയും പെട്ടെന്ന് വിവരം അറിയിക്കണമെന്നും മുള്ളൻ പന്നിയെ ഏറ്റെടുക്കണമെന്നും ശൈലജ വെള്ളനാട് ശശിയെ അറിയിക്കുകയായിരുന്നു. ഇതുകൂടാതെ നാട്ടുകാരിൽ ചിലരും ഈ വിവരം വനംവകുപ്പിനെ അറിയിച്ചിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നതിന് മുന്നേ എത്തിയ വെള്ളനാട് ശശി സമീപത്ത് ഉണ്ടായിരുന്ന ഇരുമ്പുവടി കൊണ്ട് മുള്ളൻ പന്നിയെ അടിച്ചുകൊല്ലുകയായിരുന്നു.
നാട്ടുകാരുടെ എതിർപ്പ് അവഗണിച്ചാണ് ശശി മുള്ളൻ പന്നിയെ കൊന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയാൽ കേസ് ആകുമെന്ന് പറഞ്ഞപ്പോൾ, കേസും കോടതിയൊന്നും തനിക്ക് പേടിയില്ലെന്നായിരുന്നു ശശി പറഞ്ഞത്. ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയപ്പോഴെക്കും ശശി സംഭവസ്ഥലത്ത് നിന്ന് പോയിരുന്നു. വെള്ളനാട് ശശി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയിരിക്കുകയാണ് എന്ന് അധികൃതർ അറിയിച്ചു.