

ഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ കണ്ണൂർ പ്രസംഗത്തെ പിന്തുണച്ച് സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി. "നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി അനുഭാവികൾക്ക് വ്യതിചലനം സംഭവിച്ചു. എതിരാളികൾക്ക് വോട്ട് ചെയ്തത് സംഭവിക്കാൻ പാടില്ലാത്ത വ്യതിചലനം. ഏത് സാഹചര്യത്തിലും പാര്‍ട്ടിക്ക് എതിരെ വോട്ട് ചെയ്യാന്‍ പാടില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പാർട്ടി ആന്തരിക ചികിത്സയിലാണ്. ചവിട്ടിപ്പിഴിയൽ വേണ്ടി വരും. ബഹുജന ബന്ധത്തിലെ വിടവ് അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കുമെന്നും എം.എ. ബേബി പറഞ്ഞു.
എന്നാല്‍ നേതൃത്വത്തിനും ശ്രദ്ധക്കുറവ് ഉണ്ടായെന്നും എം.എ. ബേബി വ്യക്തമാക്കി. "പാർട്ടിയിൽ തിരുത്തലുകൾ ഉണ്ടാകും. അത് തുടർച്ചയായ നടപടിയാണ്. ജനങ്ങൾ പാർട്ടിയെ വിമർശിക്കുന്ന നിലപാടാണ് ജനം സ്വീകരിച്ചത്. ജനങ്ങൾ തെറ്റിദ്ധരിക്കാൻ ഇടയായ ചിലത് പാർട്ടിയിലും വന്നു," എം.എ. ബേബി പറഞ്ഞു.
രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥി ആക്കുന്നതിനേയും എം.എ. ബേബി പിന്തുണച്ചു. "രാഹുൽ ഗാന്ധി പക്വതയുള്ള വ്യക്തിത്വമാണ്. പ്രതിപക്ഷ നേതാവിനെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പരിഗണിക്കുന്നത് സ്വാഭാവികം. പഞ്ചാബിൽ ബിജെപിയെയും സഖ്യകക്ഷികളേയും പരാജയപ്പെടുത്തുന്നതിനാണ് പരിഗണന," എം.എ. ബേബി കൂട്ടിച്ചേർത്തു.