
തൃശൂര്‍: ചേലക്കരയില്‍ വീട് വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന പരാതിയില്‍ അന്‍വര്‍ വിശദീകരണം നല്‍കണമെന്ന് സിപിഐഎം. സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുല്‍ ഖാദര്‍ ആണ് അന്‍വറിനെതിരെ രംഗത്തെത്തിയത്.
ചേലക്കരയില്‍ വീടുകള്‍ നിര്‍മിക്കാന്‍ എത്ര രൂപ ചെലവഴിച്ചുവെന്ന് അന്‍വര്‍ വെളിപ്പെടുത്തണം. ഇതിനായി ആരില്‍ നിന്നൊക്കെ എത്ര രൂപ വാങ്ങി. എന്തുകൊണ്ടാണ് നിര്‍മാണം പൂര്‍ത്തീകരിക്കാത്തത് എന്നും ജനങ്ങളോട് വെളിപ്പെടുത്താന്‍ അന്‍വര്‍ തയ്യാറാകണമെന്ന് ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.
അന്‍വറിന്റെ വാഗ്ദാനങ്ങളില്‍ കുടുങ്ങിയാണ് പലര്‍ക്കും ലൈഫ് ഭവന പദ്ധതിയിലൂടെ ലഭിക്കേണ്ടിയിരുന്ന വീടുകള്‍ നഷ്ടമായത്. ഇതുസംബന്ധിച്ച് ന്യൂസ് മലയാളം പുറത്തുകൊണ്ടു വന്നത് ഗൗരവമുള്ള വാര്‍ത്തയാണെന്നും കെ.വി. അബ്ദുള്‍ ഖാദര്‍ പറഞ്ഞു.
ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നവരെ മാധ്യമങ്ങള്‍ തുറന്നുകാട്ടണം. ന്യൂസ് മലയാളത്തിന്റെ ഇടപെടല്‍ അഭിനന്ദനാര്‍ഹമാണ്. ആളുകളെ പറ്റിക്കുകയും പ്രലോഭിപ്പിച്ച് കാല് മാറിയതും ജനങ്ങളോടുള്ള വഞ്ചനയാണ്. ആളുകളെ വഞ്ചിച്ച് തെരഞ്ഞെടുപ്പിനു ശേഷം മൂട് തട്ടിപ്പോകുന്നത് സംശുദ്ധ രാഷ്ട്രീയമാണോ എന്ന് അന്‍വര്‍ പറയണം.
ചേലക്കരയില്‍ മാത്രമല്ല, നിലമ്പൂരിലും ഇതുപോലുള്ള നിരവധി തട്ടിപ്പുകള്‍ നടന്നു. ചേലക്കരയിലെ മനുഷ്യര്‍ തുറന്നു പറയുന്ന വഞ്ചന കേരളം മുഴുവന്‍ തിരിച്ചറിയണം. സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവ് എന്ന് പറഞ്ഞു വന്ന ഒരാളുടെ തനിനിറമാണ് ന്യൂസ് മലയാളം പുറത്തുവിട്ടത്. തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനം നടത്തിയ അന്‍വറിന്റെ വഞ്ചനയെ കുറിച്ച് പറയുമ്പോള്‍ ജനങ്ങള്‍ ഇക്കാര്യവും ചര്‍ച്ച ചെയ്യണമെന്നും അബ്ദുല്‍ ഖാദര്‍ പറഞ്ഞു.
ചേലക്കരയിലെ നിസ്സഹായരായ മനുഷ്യരെ എങ്ങനെ സഹായിക്കാന്‍ കഴിയും എന്ന് സിപിഐഎം ആലോചിക്കും. അതനുസരിച്ച് നടപടികള്‍ സ്വീകരിക്കും. പാവപ്പെട്ടവരെ തെരുവിലേക്ക് വലിച്ചെറിയുന്ന അന്‍വറിന്റെ തട്ടിപ്പുകള്‍ ജനം തിരിച്ചറിയണമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.