
തൃശൂർ: ചേലക്കരയില്‍ വീട് വാഗ്ദാനം ചെയ്ത് വഞ്ചിച്ചതില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി. അൻവറിനെതിരെ പരാതിയുമായി കൂടുതൽപ്പേർ രംഗത്ത്. വീടുകളിലെത്തിയും നേരിട്ട് സംസാരിച്ചുമാണ് വീടുകൾ പൂർത്തീകരിക്കാമെന്ന് അൻവർ ഉറപ്പ് നൽകിയതെന്ന് ഇവർ പറയുന്നു.
തെരഞ്ഞെടുപ്പിൽ ജയിച്ചാലും തോറ്റാലും വീടുകൾ നിർമിച്ച് നൽകുമെന്ന് പറഞ്ഞിരുന്നു. മണ്ഡലത്തിൽ ഓഫീസ് തുറക്കുമെന്നും അഞ്ച് വർഷത്തോളം ഓഫീസ് തുറന്ന് പ്രവർത്തിക്കുമെന്നും അറിയിച്ചിരുന്നു. അൻവറിൻ്റെ വാക്ക് വിശ്വസിച്ച തങ്ങളുടെ പ്രതീക്ഷ നശിച്ചെന്നും വഞ്ചിതരായ ചേലക്കരയിലെ നിർധന കുടുംബങ്ങൾ ന്യൂസ് മലയാളത്തോട് പറഞ്ഞു.
മൂന്ന് വര്‍ഷം മുൻപ് കനത്ത മഴയിൽ വീട് തകർന്നതോടെ വാടക വീട്ടിലായിരുന്ന ചേലക്കര ചീപ്പാറ സ്വദേശി ജന്നത്തിനെ നേരിട്ട് കണ്ടായിരുന്നു അന്‍വറിന്റെ വാഗ്ദാനം. പല സ്ഥലങ്ങളിൽ വീട് വെച്ച് നൽകിയെന്ന് വിശ്വസിപ്പിച്ചു. ഇതോടെ പള്ളിയിൽ നിന്നും കത്തുമായി അപേക്ഷ നൽകിയെങ്കിലും ഇപ്പോൾ ഒരു വിവരവുമില്ലെന്ന് ജന്നത്ത് പറയുന്നു. അൻവർ ഇടപെട്ടതോടെ പഞ്ചായത്തിൽ നിന്നും ലഭിച്ച വീടും നഷ്ടമായവരുണ്ട്. അടച്ചുറപ്പില്ലാത്ത, പൂർത്തിയാകാത്ത വീട്ടിൽ ഭയപ്പാടിലാണ് പലരും ജീവിക്കുന്നത്.
ചേലക്കര ഉപതരെഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് അൻവർ വീട് നൽകാമെന്ന് വാക്ക് നൽകിയത്. വേഗം നിർമാണപ്രവൃത്തികൾ തുടങ്ങുമെന്ന ഉറപ്പിൽ ഇവർ താമസിച്ചിരുന്ന പഴയ വീടുകൾ പൊളിക്കുകയായിരുന്നു. പക്ഷേ, ചേലക്കര ഫലപ്രഖ്യാപനത്തിന് ശേഷം അൻവറിനെ ഈ വഴി കണ്ടിട്ടില്ലെന്ന് ഇവർ പറയുന്നു.
ചേലക്കര നിയോജക മണ്ഡലത്തിലെ ഒന്‍പത് പഞ്ചായത്തുകളിൽ തമിഴ്നാട്ടിലെ കോർപ്പറേറ്റ് കമ്പനികളുടെ സഹായത്തോടെ 1000 വീടുകൾ കെട്ടിക്കൊടുക്കുമെന്നാണ് അൻവർ പ്രഖ്യാപിച്ചത്. അൻവർ ഡിഎംകെ ബന്ധം സ്വപ്നം കാണുന്ന കാലമായിരുന്നു അത്. മണ്ഡലത്തിലുടനീളം ഓഫീസുകൾ തുറന്ന് അപേക്ഷകൾ സ്വീകരിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം അന്‍വറിനെ കണ്ടിട്ടില്ലെന്നാണ് വഞ്ചിതരായ ജനങ്ങള്‍ പറയുന്നത്.
വാർത്തകള്‍ വന്നതിനു പിന്നാലെ മാധ്യമങ്ങളെ കണ്ട പി.വി. അന്‍വർ ചേലക്കരയിൽ ഭവന നിർമാണം ഏറ്റെടുത്തിരുന്നതായി പറഞ്ഞു. എന്നാല്‍ മറ്റ് സംഘടനകളും സമാനമായ രീതിയില്‍ ഭവന വാഗ്ദാനം നല്‍കിയിട്ടുണ്ടെന്ന തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കാനാണ് അന്‍വർ ശ്രമിച്ചത്. വാർത്ത നല്‍കിയ ന്യൂസ് മലയാളത്തെ തൃണമൂല്‍ നേതാവ് അധിക്ഷേപിക്കുകയും ചെയ്തു.
അതേസമയം, വീട് വെച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കി മണ്ഡലത്തിലെ ജനങ്ങളെ പി.വി. അൻവർ വഞ്ചിച്ച സംഭവം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി ചേലക്കര എംഎല്‍എ യു.ആർ. പ്രദീപ് പറഞ്ഞു. വഞ്ചിക്കപ്പെട്ടവരിൽ നിന്നും അപേക്ഷകൾ സ്വീകരിച്ച് മുന്നോട്ട് പോകാൻ മുഖ്യമന്ത്രി നിർദേശിച്ചുവെന്നും ചേലക്കര മണ്ഡലത്തിൽ നിരവധിയാളുകൾ വഞ്ചിക്കപ്പെട്ടു എന്നും എംഎൽഎ അറിയിച്ചു