

കണ്ണൂർ: വർഗവഞ്ചകർ എന്ന എം.വി. ഗോവിന്ദൻ്റെ പ്രസ്താവനയ്ക്കെതിരെ വിമർശനവമായി ടി.കെ. ഗോവിന്ദൻ. വലിയ മഹത്വമൊന്നും എം.വി. ഗോവിന്ദൻ പറയേണ്ടതില്ലെന്നും പാർട്ടിയെ തെറ്റായ രീതിയിൽ നയിച്ചവരാണ് വർഗവഞ്ചകർ എന്നും ടി.കെ. ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞു. തിരികെ വരാനുള്ള ചർച്ച പാർട്ടി നടത്തേണ്ടി വരും. എന്താണ് തെറ്റെന്നും ആർക്കാണ് തെറ്റ് സംഭവിച്ചതെന്നും ആരാണ് തെറ്റ് തിരുത്തേണ്ടതെന്നും എം.വി. ജയരാജൻ വ്യക്തമാക്കണമെന്നും ടി.കെ. ഗോവിന്ദൻ ആവശ്യപ്പെട്ടു.
"തെറ്റ് പാർട്ടിയാണ് തിരുത്തേണ്ടത്. നേതൃത്വത്തിനെതിരെ വിമർശനം ഉയർന്നുവരികയാണ്. എനിക്ക് തെറ്റ് പറ്റിയിട്ടില്ല. എം.വി. രാഘവൻ തിരിച്ച് വന്നത് ബോധമില്ലതെ കിടന്നപ്പോഴാണ്. സിഎംപി തിരിച്ച് വന്നത് രാഘവൻ്റെ മരണശേഷമാണ്. പാർട്ടിയെ തെറ്റായ രീതിയിൽ നയിച്ചവരാണ് വർഗ വഞ്ചകർ. അങ്ങനെയെങ്കിൽ ആരാണ് വർഗ വഞ്ചകർ?", ടി.കെ. ഗോവിന്ദൻ്റെ വാക്കുകൾ.
പിഎം ശ്രീയുമായി യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതിൽ എന്താണ് വിമത എംഎൽഎമാരുടെ അഭിപ്രായമെന്ന ജയരാജന്റെ ചോദ്യത്തിനും ടി.കെ. ഗോവിന്ദൻ മറുപടി പറഞ്ഞു. പിഎം ശ്രീയിൽ ആരാണ് ഒപ്പിട്ടത്? അത് അന്നത്തെ മന്ത്രിയാണ് ഒപ്പിട്ടത്. ഒപ്പിട്ട കരാറിൽ നിന്ന് എളുപ്പം പിൻ മാറാൻ പറ്റുമോ എന്നും ടി.കെ. ഗോവിന്ദൻ്റെ ചോദിച്ചു.
വി. കുഞ്ഞികൃഷ്ണനും ടി.കെ. ഗോവിന്ദനും തെറ്റ് തിരുത്തിയാൽ തിരിച്ച് വരാമെന്നായിരുന്നു എം.വി. ജയരാജൻ്റെ പ്രസ്താവന. പിന്നാലെ പാർട്ടി നേതൃത്വത്തിന്റെ നിലപാടല്ല ജയരാജൻ്റേതെന്ന് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പാർട്ടിയെ വഞ്ചിച്ച് പോയവരാണെന്നും വിമതരായി മത്സരിച്ചവർ വർഗവഞ്ചകരാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞിരുന്നു. ഇതിനുപിന്നാലെ എം.വി. ജയരാജൻ ആദ്യം പറഞ്ഞത് മാറ്റി പറയുകയും ചെയ്തു. ഇരുവരും വർഗവഞ്ചകർ തന്നെയാണെന്നും തെറ്റ് തിരുത്തുമോ എന്ന് അവരാണെന്നുമായിരുന്നു പിന്നീടുള്ള ജയരാജൻ്റെ നിലപാട്.
ഇതിനെതിരെ വി. കുഞ്ഞികൃഷ്ണനും രംഗത്തെത്തിയിരുന്നു. താൻ എന്ത് തെറ്റാണ് ചെയ്തതെന്നും അച്ചടക്കനടപടിക്ക് കാരണമായ തെറ്റ് എന്തെന്ന് സിപിഐഎം ഇതുവരെ പറഞ്ഞിട്ടില്ലെന്നും കുഞ്ഞികൃഷ്ണൻ തിരിച്ചടിച്ചു. താന്‍ പറഞ്ഞത് പാര്‍ട്ടി തിരിച്ചറിഞ്ഞല്ലോ, അതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.