കോഴിക്കോട്: പോറ്റിയേ കേറ്റിയേ പാരഡി പാട്ടിന് മറുപടി പാട്ടുമായി സിപിഐഎം. പോറ്റിയെ വളർത്തിയത് യുഡിഎഫ് ആണെന്നും ജയിലിൽ കയറ്റിയത് പിണറായി സർക്കാരാണെന്നുമാണ് സിപിഐഎമ്മിൻ്റെ പാരഡി പാട്ടിൻ്റെ വരികൾ. കക്കാൻ കേറ്റിയത് ഉമ്മൻചാണ്ടി ഭരണത്തിലാണെന്നും കട്ടത് കോൺഗ്രസും വിറ്റത് കന്നഡയിലെന്നും പാട്ടിൽ ആരോപണമുണ്ട്. പോറ്റി സോണിയയെ കണ്ടതിലും പരിഹാസം. സിപിഐഎം കുന്നമംഗലം ഏരിയാ കമ്മിറ്റിയാണ് പാട്ട് പുറത്തിറക്കിയത്.
നേരത്തെ പോറ്റിയെ കേറ്റിയേ എന്ന പാരഡി പാട്ടും മുൻ മന്ത്രിമാർക്കെതിരെ വരെ ആരോപണങ്ങളും ഉയർത്തി ശബരിമല സ്വർണക്കൊള്ളയിൽ ശക്തമായ പ്രചാരണമാണ് തെരഞ്ഞെടുപ്പിന് ശേഷവും യുഡിഎഫ് തുടർന്നിരുന്നത്. ഈ പശ്ചാത്തലത്തിലാണ് ആരോപണ വിധേയരുടെ കോൺഗ്രസ് ബന്ധം ചൂണ്ടിക്കാട്ടിയുള്ള സിപിഐഎമ്മിന്റെ പ്രതിരോധം.
കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി തയ്യാറാക്കിയാണെങ്കിലും പോറ്റിയേ കേറ്റിയേ എന്ന പാരഡി പാട്ടിന് വലിയ തോതിൽ സ്വീകാര്യത ലഭിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ പാട്ട് വൈറലായതോടെ പാട്ടിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. ഭക്തരെ അപമാനിക്കുന്ന തരത്തിലാണ് പാട്ട് പ്രചരിക്കുന്നത്. രാഷ്ട്രീയ ലാഭത്തിനുവേണ്ടി പാട്ടിനെ വികലമാക്കി, തുടങ്ങി നിരവധി ആരോപണങ്ങൾ ഉയർന്നുവന്നിരുന്നു, പിന്നാലെ രാഷ്ട്രീയ ലാഭത്തിനുള്ള പാട്ടിനൊപ്പം അയ്യപ്പനെ ചേർത്തത് വേദനിപ്പിച്ചുവെന്നും ഭക്തരെ അപമാനിച്ചെന്നും, പാട്ട് പിൻവലിക്കണം എന്നും ആവശ്യപ്പെട്ട് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല ഡിജിപിക്ക് പരാതി നൽകിയിരുന്നു. മലപ്പുറം പടിഞ്ഞാറ്റുമുറിയിലെ ഡാനിഷ് മുഹമ്മദ് എന്നയാളാണ് ഈ പാട്ട് പാടിയത്.