തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്‍ അവസാനത്തെ കമ്മ്യൂണിസ്റ്റ് ആണെന്ന തെറ്റായ പ്രചാരണം നടക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഇത്തരം പ്രചാരണം മുൻപ് ഇഎംഎസും എകെജിയും മരിച്ചപ്പോഴും ഉണ്ടായിട്ടുണ്ട്. ജീവിച്ചിരിക്കുമ്പോൾ എതിർപ്പുയർത്തുകയും മരണാനന്തരം വിശുദ്ധനാക്കുകയും ചെയ്യുന്നത് വലതുപക്ഷ രാഷ്ട്രീയ ശൈലിയെന്നും എം.വി. ഗോവിന്ദന്‍. വിഎസിൻ്റെ അനുസ്മരണ പരിപാടി ഓഗസ്റ്റ് ഒന്നിന് തിരുവനന്തപുരത്ത് നടക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു.
വിഎസിന് ക്യാപിറ്റൽ പണിഷ്മെൻ്റ് നൽകണമെന്ന് എം. സ്വരാജ് പറഞ്ഞെന്ന പ്രചരണം ശുദ്ധ അസംബന്ധമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. പിരപ്പൻകോട് മുരളിക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി രൂക്ഷ വിമർശനം ഉന്നയിച്ചു. ശുദ്ധ അസംബന്ധം പറയുകയാണ് പിരപ്പൻകോട് മുരളി. അയാൾ പാർട്ടി മെമ്പർഷിപ്പിൽ പോലുമില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. വി.എസ്. അച്യുതാനന്ദൻ്റെ വിലാപയാത്രയും അന്തിമോപചാര ചടങ്ങുകളും മാധ്യമങ്ങൾ നന്നായി നൽകിയെന്ന് പറഞ്ഞ എം.വി. ഗോവിന്ദന്‍ മാധ്യമങ്ങൾക്ക് നന്ദി പറഞ്ഞു.
സിപിഐഎമ്മിന്റെ സ്വപ്നമാണ് വിഎസിന്റേയും സ്വപ്നം. അനശ്വരനായ വിഎസ് നമുക്കൊപ്പം ഇന്നും ജീവിക്കുന്നു. ലോകത്ത് വസന്തം വിരിയിക്കാനുള്ള വഴികാട്ടിയാണ് മാർക്സിസം. ഓഗസ്റ്റ് ഒന്ന് മുതൽ പത്ത് വരെ വിവിധ പാർട്ടി ഘടകങ്ങളുടെ അനുശോചന യോഗം നടക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു.
ഗവർണർ കാവിവൽക്കരണം തുടരുന്നുവെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. ഇതിനെ യുഡിഎഫ് എതിർക്കുന്നില്ല. മോഹൻ ഭാഗവത് പങ്കെടുക്കുന്ന ജ്ഞാനസഭയിൽ വൈസ് ചാൻസലർമാർ പങ്കെടുക്കുന്നത് അപമാനകരമാണ്. ആർഎസ്എസ് ജ്ഞാന സഭയിൽ കേരളത്തിലെ അഞ്ച് വിസിമാർക്കാണ് ക്ഷണം. ഇത് കേരളത്തിന് അപമാനം ആണ്. ആർഎസ്എസ് ആട്ടി തെളിക്കുന്ന സംഘപരിവാർ യോഗത്തിൽ വിസിമാർ ആവേശത്തോടെ പങ്കെടുക്കുന്നത് പ്രതിഷേധാർഹമാണ്. ഇത്തരം സംഘ് അജണ്ടയെ സമൂഹം തിരിച്ചറിയണം. വിസിമാർ ജ്ഞാന സഭയിൽ പങ്കെടുക്കരുത് എന്നതാണ് സിപിഐഎമ്മിൻ്റെ നിലപാട് എന്നും സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.
ഐടി പ്രൊഫഷണലുകൾ ഇന്ത്യയിൽ നിന്ന് വേണ്ടെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം പ്രകോപനപരവും പ്രതികാരപരവുമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു. യുഎസ് നീചമായ നിലപാട് സ്വീകരിക്കുന്നു. കേന്ദ്ര സർക്കാർ യുഎസിന് പാദസേവ ചെയ്യുന്നു. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ തകർക്കും. കേരളത്തെ ദോഷകരമായി ഇത് ബാധിക്കുമെന്ന് എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം സുരക്ഷാ വീഴ്ച്ചയെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. സുരക്ഷാ വീഴ്ച്ച ഉണ്ടായില്ലെങ്കിൽ ഗോവിന്ദച്ചാമി ജയിൽ ചാടുമോ എന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചോദ്യം.