തൃശൂർ: ശബ്ദരേഖ വിവാദത്തിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദിനെതിരെ കടുത്ത നടപടിയിലേക്ക് സിപിഐഎം കടക്കുമെന്ന് റിപ്പോർട്ട്. പാർട്ടിയിൽ നിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തതിന് പിന്നാലെ മറ്റ് ചുമതലകളിൽ നിന്നും ശരത്തിനെ ഒഴിവാക്കും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വത്തിൽ നിന്നും ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിവാക്കാൻ ഡിവൈഎഫ്ഐക്ക് നിർദ്ദേശം നൽകും. പാർട്ടി അച്ചടക്കം ലംഘിച്ചുവെന്ന ഗുരുതര കുറ്റം കണക്കാക്കിയാണ് നടപടികൾ.
പാർട്ടി അംഗങ്ങൾ ഇത്തരം പ്രവണതകൾ ആവർത്തിക്കാതിരിക്കാൻ ലക്ഷ്യമിട്ടാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ. ബിജുവാണ് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനം അവതരിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും വിഷയം ചർച്ച ചെയ്യും. സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം മറ്റു കീഴ് ഘടങ്ങളിലേക്കും തീരുമാനം റിപ്പോർട്ട് ചെയ്യും.
വിവാദത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ശരത് പ്രസാദിനെ ജില്ലാ കമ്മിറ്റിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ഒരു വർഷത്തേക്കാണ് സസ്പെൻഷൻ. കഴിഞ്ഞ ദിവസം നടന്ന ജില്ലാ സെക്രട്ടേറിയറ്റിൽ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് തീരുമാനം പ്രഖ്യാപിച്ചത്. വിവാദങ്ങളെ തുടർന്ന് ശരത് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് സംസ്ഥാന കമ്മറ്റിയുടെ വിലയിരുത്തൽ.
ശരത് പ്രസാദ് ജില്ലാകമ്മിറ്റി അംഗം നിബിൻ ശ്രീനിവാസനോട് സംസാരിക്കുന്ന സംഭാഷണമായിരുന്നു പുറത്തുവന്നത്.കപ്പലണ്ടി വിറ്റ് നടന്ന എം.കെ. കണ്ണൻ കോടിപതിയാണന്നും എ.സി. മൊയ്തീന്റെ ഡീലിങ്സ് ടോപ്പ് ക്ലാസായെന്നുമാണ് ശരത് സംഭാഷണത്തിൽ പറയുന്നത്. പണം പിരിക്കാൻ ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക് എളുപ്പമാണ്. എസ്എഫ്ഐ, ഡിവൈഎഫ്ഐ തലങ്ങളിൽ ചെറിയ തിരിമറികൾ നടക്കും പോലെയല്ല പാർട്ടി നേതാക്കൾ നടത്തുന്നത് വലിയ ഇടപാടുകളാണെന്നും സംഭാഷണത്തിൽ പറയുന്നുണ്ട്.
വടക്കാഞ്ചേരി എംഎൽഎ സേവിയർ ചിറ്റലപ്പള്ളി, പുതുക്കാട് എംഎൽഎ കെ.കെ. രാമചന്ദ്രൻ എന്നിവരുടെ പേരും സംഭാഷണത്തിലുണ്ടായിരുന്നു. വിവാദത്തിന് പിന്നാലെ നിബിനെ സിപിഐഎം പുറത്താക്കിയിരുന്നു. ശരത്തിൽ നിന്ന് പാർട്ടി വിശദീകരണം തേടുകയും ചെയ്തു. എന്നാൽ വിശദീകരണം തൃപ്തികരമല്ലെന്നാണ് സംസ്ഥാന നേതൃത്വത്തിൻ്റെ വിലയിരുത്തൽ.