ബജറ്റിലെ കേരളത്തോടുള്ള അവഗണന; സിപിഐഎം നാളെ കരിദിനം ആചരിക്കും

എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയർത്തി പ്രതിഷേധിക്കാനാണ് സിപിഐഎം ആഹ്വാനം ചെയ്തിരിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on
Updated on

തിരുവനന്തപുരം: കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവ​ഗണനയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നാളെ (ഫെബ്രുവരി 3) സിപിഐഎം കരിദിനം ആചരിക്കും. എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയർത്തി പ്രതിഷേധിക്കാനാണ് സിപിഐഎം ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ ഭൂപടത്തിൽ കേരളം നിലനിൽക്കുന്നില്ല എന്ന രീതിയിലുള്ള ബജറ്റാണ് അവതരിപ്പിച്ചിട്ടുള്ളത്. ബജറ്റിന് മുമ്പ് കേന്ദ്ര ധനമന്ത്രിയുമായി നടത്തിയ ചർച്ചയിൽ കേരളം 29 ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. ഇതിൽ ഒന്നുപോലും പരിഗണിച്ചില്ല. സംസ്ഥാനം ദീർഘകാലമായി ആവശ്യപ്പെടുന്ന ഒരു പദ്ധതിയും കേരളത്തിന് ലഭിച്ചില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

"കേരളത്തിന്റെ സ്വപ്നമായ എയിംസ് ഈ ബജറ്റിലും പ്രഖ്യാപിച്ചില്ല. റെയിൽവേ വികസനത്തിനായുള്ള ഏഴ് അതിവേഗ ഇടനാഴികളിലും കേരളമില്ല. വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിനുള്ള പ്രത്യേക പാക്കേജും അംഗീകരിക്കപ്പെട്ടില്ല. ആയുർവേദത്തിന്റെ ഈറ്റില്ലമായ കേരളത്തിന് ആയുർവ്വേദ എയിംസ് ഇല്ല. ഉൾനാടൻ ജല ഗതാഗത പദ്ധതിയിലും കേരളമില്ല. പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കാനുള്ള നടപടികളും കേന്ദ്ര സർക്കാർ സ്വീകരിച്ചില്ല. സവകലാശാലകളും, ടൗൺഷിപ്പുകളും പ്രഖ്യാപിച്ചതിലും കേരളത്തെ ഉൾപ്പെടുത്തിയില്ല. റബ്ബറിന്റെ വില സ്ഥിരതാ ഫണ്ടും ഇല്ല. നേരത്തെ പ്രഖ്യാപിച്ചിരുന്ന റെയിൽവേ കോച്ച് ഫാക്ടറിയെക്കുറിച്ചുള്ള പരാമർശങ്ങളുമില്ല".

പ്രതീകാത്മക ചിത്രം
നിലമ്പൂരിൽ തൃണമൂൽ സ്ഥാനാർഥി പി.വി. അൻവർ; ഔദ്യോഗിക പ്രഖ്യാപനം നടത്തി മമത ബാനർജി

കേരളത്തിന്റെ സമ്പദ്ഘടനയെ ഏറെ സഹായിക്കുന്ന പ്രവാസി ക്ഷേമം ലക്ഷ്യമാക്കിയുള്ള യാതൊരു നടപടിയും കേന്ദ്ര ബജറ്റിൽ സ്വീകരിച്ചില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു. ആശ ഉൾപ്പെടെയുള്ള സ്കീം വർക്കർമാരെ പൂർണമായും അവഗണിച്ചു. ബജറ്റ് സാധാരണക്കാരെ പൂർണമായും കൈയ്യൊഴിഞ്ഞ് കോർപ്പറേറ്റുകളെ സംരക്ഷിക്കുന്നതാണ്. കോർപ്പറേറ്റുകളുടെ നികുതി വർധിപ്പിച്ചില്ലെന്ന് മാത്രമല്ല, വൻകിട കമ്പനികളുടെ ആൾട്ടർനേറ്റ് ടാക്സ് കുറയ്ക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ എല്ലാവിധ താൽപ്പര്യങ്ങളേയും ഹനിക്കുന്ന ഒന്നായി കേന്ദ്ര ബജറ്റ് മാറിയിരിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയിലുണ്ടായ വൻ വെട്ടിക്കുറവ് കേരളത്തിൽ ഫലപ്രദമായി നടന്നുകൊണ്ടിരിക്കുന്ന ഈ പദ്ധതി യേയും തകിടം മറിക്കുന്നതാണ്. ക്ഷേമ പദ്ധതികൾ വർധിപ്പിക്കുന്നതിനുള്ള യാതൊരു നീക്കവും ഈ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ ജനദ്രോഹ ബജറ്റിനെതിരെ ജനങ്ങൾ അണിനിരക്കണമെന്നും സിപിഐ എം അഭ്യർത്ഥിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com