നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി.വി. അൻവറിനെ സ്ഥാനാർഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്. അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ ആശീർവാദത്തോടെയാണ് അൻവർ നിലമ്പൂരിൽ സ്ഥാനാർഥിയാകുന്നതെന്ന് തൃണമൂൽ കോൺഗ്രസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
നിലമ്പൂരിൽ മത്സരിക്കുമെന്ന് പി.വി. അൻവർ രാവിലെ വാർത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കുമെന്നും അൻവർ അറിയിച്ചിരുന്നു. ഓട്ടോറിക്ഷ ചിഹ്നത്തിലാകും മത്സരിക്കുകയെന്നും അൻവർ അറിയിച്ചിരുന്നു. ഇന്നലത്തെ നിലപാടിൽ മലക്കം മറിഞ്ഞുകൊണ്ടായിരുന്നു ഇന്ന് അൻവറിൻ്റെ സ്ഥാനാർഥി പ്രഖ്യാപനം. യുഡിഎഫ് പ്രവേശം സംബന്ധിച്ച ഊഹാപോഹങ്ങൾക്കെല്ലാം വിരാമമിട്ടുകൊണ്ടാണ് തൃണമൂൽ സ്ഥാനാർഥിയായി അൻവർ എത്തുന്നത്.
താൻ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിക്കുകയാണെന്ന് അൻവർ ഇന്ന് പറഞ്ഞിരുന്നു. മറ്റ് താത്പര്യങ്ങൾക്ക് വഴങ്ങിയാണ് സർക്കാരും സിപിഎമ്മും പ്രവർത്തിക്കുന്നത് എന്നാണ് താൻ പറഞ്ഞത്. അത് തിരുത്തണം എന്നാണ് താൻ ആവശ്യപ്പെട്ടത്. അതിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല. രാജിവച്ചത് തനിക്ക് മത്സരിക്കാൻ വേണ്ടിയല്ല, യുഡിഎഫിന് വഴി തുറന്നു കൊടുക്കുകയായിരുന്നു. യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുമ്പോഴും അസോസിയേറ്റ് അംഗത്വം പ്രഖ്യാപിച്ചില്ലെന്നും അൻവർ പറഞ്ഞിരുന്നു.
ആര്യാടൻ ഷൗക്കത്ത് 2016ൽ തോറ്റത് നിലമ്പൂരിലെ ജനങ്ങളുടെ വികാരമാണ്. അത് ഇപ്പോഴും വർധിച്ചിരിക്കുകയാണ്. മുസ്ലീം സമുദായത്തിൻ്റെ പിന്തുണ ഷൗക്കത്തിന് ലഭിക്കില്ല. മലപ്പുറം ജില്ലയിൽ യുഡിഎഫിൽ കഴിഞ്ഞ എട്ട് വർഷമായി പ്രശ്നങ്ങൾ ഇല്ലാത്തത് ഷൗക്കത്ത് നേതൃനിരയിൽ ഇല്ലാത്തതു കൊണ്ടാണെന്നും അൻവർ പറഞ്ഞിരുന്നു. ശബരിമല വിഷയത്തിൽ മതവികാരത്തെ വ്രണപ്പെടുത്തിയ ആളാണ് എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജെന്നും അൻവർ പറഞ്ഞിരുന്നു.