

പാലക്കാട്: വാളയാറില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട കേസിൻ്റെ അന്വേഷണം ഏറ്റെടുത്ത് ജില്ലാ ക്രൈംബ്രാഞ്ച്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. കേസിൽ ഇതുവരെ അഞ്ച് പേരാണ് അറസ്റ്റിലായത്.
ഇതര സംസ്ഥാന തൊഴിലാളി രാംനാരായൺ കൊല്ലപ്പെട്ടതിൽ ഞെട്ടിക്കുന്ന വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഛത്തീസ്ഗഡ് സ്വദേശി രാംനാരയൺ നേരിട്ടത് മണിക്കൂറുകൾ നീണ്ട ആൾക്കൂട്ട വിചാരണ. പാലക്കാട് കിൻഫ്രയിൽ ജോലി തേടി എത്തിയ രാംനാരായൺ വഴിതെറ്റി അട്ടപ്പള്ളത്ത് എത്തുകയായിരുന്നു.
ബുധനാഴ്ച വൈകിട്ടോടെയാണ് അട്ടപ്പള്ളം മതാളികാട് ഭാഗത്തെത്തിയ ഛത്തീസ്ഗഡ് സ്വദേശി രാംനാരായൺ അതിക്രൂര മർദനത്തിനിരയായി കൊല്ലപ്പെട്ടത്. സംശയാസ്പദമായ രീതിയിൽ യുവാവിനെ കണ്ട തൊഴിലുറപ്പ് തൊഴിലാളികൾ പ്രദേശത്തെ യുവാക്കളെ വിവരം അറിയിച്ചു. തുടർന്ന് ഒരു കൂട്ടം യുവാക്കൾ ആൾക്കൂട്ട വിചാരണ നടത്തി. കള്ളൻ എന്ന് ആരോപിച്ച് ക്രൂരമായി മർദനമേറ്റ യുവാവ് റോഡിൽ ചോര വാർന്നു കിടന്നത് കണ്ട് പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്. നാല് മണിക്കൂറോളം കഴിഞ്ഞാണ് പൊലീസ് സംഭവസ്ഥലത്ത് എത്തി യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ, ആശുപത്രിയിലേക്ക് കൊണ്ടുപോവും വഴി യുവാവ് കുഴഞ്ഞുവീണു.