

കൊച്ചി: കത്തോലിക്കാ സഭയിൽ പൗരസ്ത്യ സഭകളുടെ തലവൻമാരെ മാറ്റാൻ അതാത് സഭാ സിനഡുകൾക്ക് അധികാരം നൽകി കൊണ്ട് ലിയോ പതിനാലാമൻ മാർപാപ്പ 2016 ഓഗസ്റ്റ് 29 ന് നടപ്പിലാക്കിയ പുതിയ ഭരണപരിഷ്കാരം പല സഭകളുടെയും തലവൻമാർക്ക് തലവേദനയായി മാറുകയാണ്. ലബനോൻ ആസ്ഥാനമായ അന്ത്യോഖ്യ സിറിയൻ കാത്തലിക് പാത്രിയർക്കറ്റിലാണ് പ്രതിസന്ധി. ഈ സഭയുടെ പാത്രിയർക്കീസായ ഇഗ്നാത്തിയോസ് യൗസിഫ് മൂന്നാമൻ യൗനാനെ പുറത്താക്കാക്കാൻ പുതിയ നിയമത്തെ മുൻനിർത്തി സീനിയർ മെത്രാപ്പോലീത്ത സിനഡ് വിളിച്ചു ചേർത്തു. ഇതിന് ബദലായി പത്രിയർക്കീസും സിനഡ് വിളിച്ചിട്ടുണ്ട്.
ഈ പാത്രിയർക്കീസ് കഴിഞ്ഞമാസം കേരളത്തിൽ എത്തി സീറോ - മലബാർ, സീറോ - മലങ്കര കത്തോലിക്കാ സഭകളിലും യാക്കോബായ സുറിയാനി സഭയിലും സന്ദർശനം നടത്തി തിരിച്ചെത്തുമ്പോഴാണ് വിപ്ലവം നടക്കുന്നത്. 24 വ്യക്തിഗത സഭകളുടെ ആഗോള കൂട്ടായ്മയായ കത്തോലിക്കാ സഭയിൽ 23 പൗരസ്ത്യ സഭകളിൽ സിനഡൽ പദവിയുള്ള സഭകളിൽ തലവനെ സിനഡിന് തെരഞ്ഞെടുക്കാമെങ്കിലും, പുറത്താക്കാൻ അധികാരം ഉണ്ടായിരുന്നില്ല.
എന്നാൽ ലിയോ പതിനാലാമൻ മാർപാപ്പ പുതിയ നിയമം കൊണ്ടു വന്നതോടെ ഈ അധികാരവും സിനഡിന് ലഭിച്ചു. ഇതോടെ കത്തോലിക്കാ സഭയിൽ ആർക്കും പുറത്താക്കാൻ കഴിയാത്ത ഏക പദവി മാർപാപ്പയുടെ മാത്രമായി മാറുകയും ചെയ്തു.
പുതിയ നിയമം പ്രാബല്യത്തിൽ വന്ന് മണിക്കൂറുകൾ പിന്നിട്ടപ്പോഴേക്കും ഒരു പൗരസ്ത്യസഭയിൽ സഭാ തലവനെതിരെ മറ്റു മെത്രാന്മാർ ഈ നിയമം നടപ്പിൽ വരുത്തി. ലബനോൻ ആസ്ഥാനമായ അന്ത്യോക്യൻ കത്തോലിക്ക പാത്രിയർക്കീസിനെതിരെയാണ് സഭയിലെ മെത്രാന്മാർ തിരിഞ്ഞത്. കഴിഞ്ഞ മൂന്നു വർഷമായി സിനഡ് സമ്മേളനം വിളിച്ചു ചേർക്കാതെ തന്നിഷ്ടപ്രകാരമാണ് സഭയുടെ ഭരണം നടത്തുന്നതെന്ന് മെത്രാന്മാർ ആരോപിക്കുന്നു . അതിനാൽ ഇഗ്നാത്തിയോസ് യൗസിഫ് മൂന്നാമൻ യൗനാനെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെ ഈ മാസം അവസാനത്തെ വെള്ളിയാഴ്ച സിനഡ് ചേരാനാണ് മറ്റു മെത്രാന്മാരുടെ തീരുമാനം.
ഇഗ്നാത്തിയോസ് യൗസിഫ് മൂന്നാമൻ യൗനാൻ പാത്രിയർക്കീസ് കേരളത്തിൽ സീറോ മലബാർ , സീറോ മലങ്കര കത്തോലിക്കാ സഭകളിലും, യാക്കോബായ സുറിയാനി സഭയിലും സന്ദർശനം നടത്തുന്ന സമയത്തു തന്നെയാണ് ഇത്തരത്തിൽ ഒരു കൊട്ടാര വിപ്ലവം ലബനനിൽ അരങ്ങേറിയത്. കഴിഞ്ഞ മാസം കേരളത്തിൽ എത്തിയ പാത്രിയർക്കീസ് മലങ്കര കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ കർദിനാൾ ബസേലിയോസ് മാർ ക്ലിനിസ് കാതോലിക്കാബായുടെ മെത്രാഭിഷേക വാർഷിക സമ്മേളനത്തിലും, സീറോ മലബാർ സഭയുടെ സുന്നഹദോസിലും പങ്കെടുത്തിരുന്നു.
പ്രതിസന്ധി മറികടക്കാൻ പാത്രിയർക്കീസ് നവംബർ അവസാന ആഴ്ചയിലേക്ക് മറ്റൊരു സിനഡ് വിളിച്ചു. എന്നാൽ ഇത് നടപടികളിൽ നിന്ന് രക്ഷനേടാൻ സമയം നീട്ടിയെടുക്കാനുള്ള തന്ത്രമായാണ് വത്തിക്കാൻ പോലും വിലയിരുത്തുന്നത്. അതിനാൽ പുതിയ നിയമപ്രകാരം മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ സിനഡ് പാത്രിയർക്കീസിനെ മാറ്റാൻ തീരുമാനിച്ചാൽ മാർപാപ്പ അക്കാര്യത്തിന് അംഗീകാരം നൽകും.
പ്രതിസന്ധികളും പ്രശ്നങ്ങളും നിലനിൽക്കുന്ന കേരളത്തിലെ പൗരസ്ത്യ കത്തോലിക്കാ സഭകളിൽ സന്ദർശനം നടത്തുമ്പോൾ തന്നെ ലെബനോൻ പാത്രിയർക്കീസിന് സംഭവിച്ച ഈ വീഴ്ച ഇതര പൗരസ്ത്യ സഭകളുടെ തലവന്മാരെയും ആശങ്കയിലാക്കിയിട്ടുണ്ട്. ഇത്തരത്തിൽ സഭാ സിനഡ് പുറത്താക്കുന്ന ആദ്യത്തെ പൗരസ്ത്യ സഭ തലവനായി ഇഗ്നാത്തിയോസ് യൗസിഫ് മൂന്നാമൻ യൗനാൻ മാറുമോ എന്നാണ് ക്രൈസ്തവ ലോകം ഉറ്റുനോക്കുന്നത്.