

തിരുവനന്തപുരം: പേരൂർക്കട ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ ഒരാഴ്ചയ്ക്കകം നടപടി ഉണ്ടാകുമെന്ന ആരോഗ്യമന്ത്രിയുടെ വാക്ക് പാലിക്കപ്പെട്ടില്ല. ഡിഎംഒയുടെ നേതൃത്വത്തിലുള്ള സംഘം ഇതുവരെ മൊഴിയെടുക്കാൻ എത്തിയില്ലെന്ന് ചികിത്സാ പിഴവ് നേരിട്ട റീബ ന്യൂസ് മലയാളത്തോട് പറഞ്ഞു.
കുഞ്ഞിന് അനക്കമില്ലാത്തതിന് കാരണം സിസ്റ്റത്തിൻ്റെ കുഴപ്പമാണെന്ന് പറഞ്ഞ് മാറി മാറി ഏഴ് ഉപകരണങ്ങൾ കൊണ്ട് പരിശോധിച്ചു. അനക്കമില്ലെന്ന് അറിഞ്ഞിട്ടും പിന്നീട് പരിശോധിച്ചില്ലെന്നും റീബ ആരോപിച്ചു. കൊഴുപ്പ് കൂടിയ വയറായതിനാലാണ് കുഞ്ഞിന് അനക്കമില്ലാത്തതെന്ന് പറഞ്ഞ് ഒന്നിലധികം തവണ ഡ്യൂട്ടി ഡോക്ടർ അധിക്ഷേപിച്ചതായും റീബ പറഞ്ഞു.
കുഞ്ഞിന് അനക്കമില്ലെന്ന് അറിഞ്ഞിട്ടും പിന്നീട് പരിശോധിച്ചില്ല. പിന്നീട് പരിശോധന നടത്തിയത് പിറ്റേ ദിവസം ലേബർ റൂമിൽ കയറ്റുന്നതിന് മുൻപാണെന്നും റീബ പറഞ്ഞു. ഏഴ് ഉപകരണങ്ങൾ വെച്ച് പരിശോധിച്ചു. കുഞ്ഞിന് ഹാർട്ട് റേറ്റ് കുറയുന്നതായും എസ്എടിയിലേക്ക് റഫർ ചെയ്യുകയാണെന്നും ഡോക്ടർമാർ വന്ന് പറഞ്ഞു. ഇക്കാര്യം അവസാന നിമിഷം വരെ ബൈസ്റ്റാൻഡേഴ്സിനെ അറിയിച്ചില്ലെന്നും കുടുംബം ആരോപിച്ചു. നേരത്തെ ഗർഭിണിയെ എസ്എടിയിൽ എത്തിച്ചിരുന്നെങ്കിൽ കുഞ്ഞിനെ രക്ഷിക്കാമായിരുന്നുവെന്നും കുടുംബം ആരോപിച്ചു.
പേരൂര്‍ക്കട ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ് മൂലം കുടപ്പനക്കുന്ന് സ്വദേശി ഷെറിന്‍-റീബ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. സംഭവത്തില്‍ പേരൂര്‍ക്കട പൊലീസിലും ഡിഎച്ച്എസിനും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നല്‍കിയിരുന്നു. കഴിഞ്ഞ മാസം 31നാണ് റീബയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.