

കോട്ടയം: ഡിവൈഎഫ്‌ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയന് വിമര്‍ശനം. വീട്ടില്‍ പോയി ചോദിച്ചാല്‍ മതിയെന്ന പരാമര്‍ശം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. നേതാക്കളുടെ ധാര്‍ഷ്ട്യവും അഹങ്കാരവുമാണ് തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമെന്നും സമ്മേളനത്തില്‍ കുറ്റപ്പെടുത്തല്‍.
വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തന മേഖലയെ വഞ്ചിച്ചു. വിദ്യാര്‍ഥി സംഘടനാ സ്വാതന്ത്ര്യം കലാലയങ്ങളില്‍ തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞ 10 വര്‍ഷം അധികാരം ഉണ്ടായിട്ടും ചെറുവിരല്‍ അനക്കിയില്ല. സമരങ്ങള്‍ ഏറ്റെടുക്കാന്‍ ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.
ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും എംപിയുമായ എ.എ. റഹീമിനെയും അംഗങ്ങള്‍ വിമര്‍ശിച്ചു. 46 വയസിലും ഡിവൈഎഫ്‌ഐയില്‍ തുടരുന്നു. സംസ്ഥാനത്ത് പ്രായത്തിന്റെ പേരില്‍ മേഖല, ബ്ലോക്ക് ഭാരവാഹികളെ മാറ്റുമ്പോഴാണ് ഇതെന്നും സമ്മേളനത്തില്‍ കുറ്റപ്പെടുത്തലുണ്ടായി.