'ആര്‍എസ്എസ് അജണ്ട', 'മലക്കം മറിച്ചിലിന്റെ ലീഗ് മാതൃക'...; പിഎം ശ്രീയില്‍ യുഡിഎഫിന് വിമര്‍ശനം കടുക്കുന്നു

"എൽഡിഎഫ് സർക്കാർ അറബിക്കടലിൽ എറിഞ്ഞ പദ്ധതി കെ.എം. ഷാജി മുങ്ങാംകുഴിയിട്ട് തപ്പിയെടുത്ത് സതീശൻ്റെ കയ്യിൽ എത്തിച്ചു"
'ആര്‍എസ്എസ് അജണ്ട', 'മലക്കം മറിച്ചിലിന്റെ ലീഗ് മാതൃക'...;
പിഎം ശ്രീയില്‍ യുഡിഎഫിന് വിമര്‍ശനം കടുക്കുന്നു
Published on
Updated on

പിഎം ശ്രീ ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണെന്ന് എസ്എഫ്ഐ ദേശീയ അധ്യക്ഷന്‍ ആദര്‍ശ് എം സജി പറഞ്ഞു. കേരളത്തില്‍ ഭരിക്കുന്നത് ബിജെപി ആണെന്ന് അധികാരത്തില്‍ വന്നതുമുതല്‍ വി.ഡി. സതീശന്‍ തെളിയിക്കുന്നു. സതീശൻ്റെ നുണകൾ യുഡിഎഫ് എംപിമാർ തന്നെ പൊളിച്ചു. പിഎം ശ്രീയുമായി ബന്ധപ്പെട്ട് കേരളം ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല എന്ന് പാർലമെന്റില്‍ തന്നെ വ്യക്തമായി. എൽഡിഎഫ് സർക്കാർ അറബിക്കടലിൽ എറിഞ്ഞ പദ്ധതി കെ.എം. ഷാജി മുങ്ങാംകുഴിയിട്ട് തപ്പിയെടുത്ത് സതീശൻ്റെ കയ്യിൽ എത്തിച്ചു. കേരള ജനത കേരളം ഭരിക്കുന്ന സംഘപരിവാർ സർക്കാരിനെ പ്രതിരോധിക്കും. എസ്എഫ്ഐ ശക്തമായി സമര രംഗത്തുണ്ടെന്നും ആദര്‍ശ് പറഞ്ഞു.

രാജ്യസഭയില്‍ ലീഗ് എംപി അബ്ദുൽ വഹാബിന്റെ പിഎം ശ്രീയെക്കുറിച്ചുള്ള ചോദ്യത്തെയും മറുപടിയെയും പരിഹസിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും രംഗത്തെത്തി. ലീഗിന്റെ സെല്‍ഫ് ഗോള്‍ എന്നായിരുന്നു പരിഹാസം. കഴിഞ്ഞ സർക്കാർ നിർത്തലാക്കിയ പിഎം ശ്രീ നടപ്പാക്കാൻ ഇറങ്ങുന്ന യുഡിഎഫ് വഞ്ചനാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും സഞ്ജീവ് ഫേസ്ബുക്കില്‍ കുറിച്ചു.

'ആര്‍എസ്എസ് അജണ്ട', 'മലക്കം മറിച്ചിലിന്റെ ലീഗ് മാതൃക'...;
പിഎം ശ്രീയില്‍ യുഡിഎഫിന് വിമര്‍ശനം കടുക്കുന്നു
പിഎം ശ്രീയില്‍ ഐക്യം നഷ്ടപ്പെട്ട് യുഡിഎഫ്; സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുന്നുവെന്ന് ശിവന്‍കുട്ടി, യു ടേണ്‍ സര്‍ക്കാരെന്ന് ബ്രിട്ടാസ്

കാശിനുവേണ്ടി ഏത് കഴുതക്കാലും പിടിക്കാം എന്ന അവസ്ഥയാണ് പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിന്റെ നിലപാടെന്ന് ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പ്രതികിച്ചു. കാമ്പസുകളിൽ സംഘപരിവാർ കുഞ്ഞുങ്ങളെ അടവച്ച് വിരിയിക്കാനാണ് സതീശന്റെ ശ്രമം. മുസ്ലീം ലീഗിൽ ഇതൊന്നും ചോദ്യം ചെയ്യാൻ തന്റേടമുള്ള ആരുമില്ല. മുസ്ലീം വിശ്വാസ സംഘടനകളുടെ താല്‍പ്പര്യം പോലും മുസ്ലീം ലീഗ് സംരക്ഷിക്കുന്നില്ല. പാണക്കാട് തങ്ങൾ ഈ കാര്യത്തിലെങ്കിലും സ്വന്തം നിലപാട് വ്യക്തമാക്കണമെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു.

ഏത് ഡീലിന്റെ ഭാഗമായാണ് പിഎം ശ്രീയുമായി യുഡിഎഫ് സർക്കാർ മുന്നോട്ടു പോകുന്നത് എന്നായിരുന്നു ഡിവൈഎഫ്ഐയുടെ ചോദ്യം. തെരഞ്ഞെടുപ്പിൽ പിഎം ശ്രീ മുൻ നിർത്തി വർഗീയ പ്രചാരണം നടത്തിയാണ് യുഡിഎഫ് ജയിച്ചത്. പിഎം ശ്രീ വലിച്ചെറിയുമെന്ന് പറഞ്ഞ അറബിക്കടൽ വറ്റിപ്പോയോ എന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പരിഹസിച്ചു.

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടക്കുന്നത് രാഷ്ട്രീയ ഗിമ്മിക്സ് ആണെന്നായിരുന്നു എബിവിപി ദേശീയ സെക്രട്ടറി ശ്രാവണിന്റെ പ്രതികരണം. പദ്ധതി എത്രയും പെട്ടെന്ന് നടപ്പാക്കണം. പദ്ധതിയുടെ പേരാണ് പ്രശ്നം എന്നാണ് കരുതുന്നത്. ഇന്ദിര ശ്രീ, രാഹുല്‍ ശ്രീ എന്നൊക്കെ പേരിലായിരുന്നെങ്കിലും നടപ്പാക്കുന്നതിന് പ്രശ്നം ഉണ്ടാകുമായിരുന്നില്ലെന്നും ശ്രാവണ്‍ പ്രതികരിച്ചു.

പിഎം ശ്രീയെ എതിർത്തവർ വാശിയോടെ നടപ്പാക്കുന്നു എന്നായിരുന്നു മുന്‍ മന്ത്രി വി.എന്‍. വാസവന്‍ പ്രതികരിച്ചത്. പ്രതിപക്ഷത്തിരിക്കുമ്പോൾ പറഞ്ഞകാര്യങ്ങൾ പൂർണമായും മറന്നു. മുസ്ലീം ലീഗിന്റെ രാഷ്ട്രീയം തകർന്നു. പിഎം ശ്രീ ഉയർത്തിയാണ് ലീഗ് അണികളെ പിടിച്ചുനിർത്തിയത്. പിഎം ശ്രീ അറബിക്കടലിൽ എറിയുമെന്നാണ് കെ.എം ഷാജി പ്രഖ്യാപിച്ചത്. ഇപ്പോൾ കെ.എം. ഷാജി പിഎം ശ്രീക്ക് പരവതാനി വിരിക്കുന്നു. ലീഗിന് ഇപ്പോൾ മറുപടി ഇല്ലാതായിരിക്കുന്നു. അണികൾക്ക് മറുപടി നൽകാൻ ലീഗ് നേതൃത്വത്തിന് കഴിയുന്നില്ല. എങ്ങനെ നടപ്പാക്കാം എന്ന് തീരുമാനിക്കാനാണ് ഉപസമിതി. ഇടതുപക്ഷത്തെക്കുറിച്ച് ഉന്നയിച്ച ആക്ഷേപം അസ്ഥാനത്താണെന്ന് പാർലമെൻറിൽ ലഭിച്ച മറുപടി വ്യക്തമാക്കുന്നതായും വാസവന്‍ പറഞ്ഞു.

'ആര്‍എസ്എസ് അജണ്ട', 'മലക്കം മറിച്ചിലിന്റെ ലീഗ് മാതൃക'...;
പിഎം ശ്രീയില്‍ യുഡിഎഫിന് വിമര്‍ശനം കടുക്കുന്നു
കാടുപിടിച്ച് നശിച്ച് സംസ്ഥാനത്തെ ആദ്യ സ്പോർട്‍സ് മെഡിസിൻ ഇന്‍സ്റ്റിറ്റ്യൂട്ട്; വര്‍ഷങ്ങളായി തെരുവുനായ്ക്കളുടെ കളിയിടം

പിഎം ശ്രീ പദ്ധതിയിലൂടെ യുഡിഎഫ് കേരളത്തെയാകെ വഞ്ചിക്കുകയാണെന്ന് രാജ്യസഭാംഗം പി സന്തോഷ് കുമാർ പറഞ്ഞു. വി.ഡി. സതീശൻ സുവേന്ദു അധികാരിയും, ഹിമന്ത ബിശ്വ ശർമയുമൊക്കെ ആകാൻ ശ്രമിക്കുകയാണ്. പിഎം ശ്രീയിൽ യുഡിഎഫ് നിലപാട് മലക്കം മറിച്ചിലിന്റെ മഹത്തായ മുസ്ലീം ലീഗ് മാതൃകയാണ്. ഒരു കാരണവശാലും പിഎം ശ്രീയുമായി മുന്നോട്ട് പോകില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കാലത്ത് ലീഗ് നേതാക്കൾ പ്രസംഗിച്ചതെന്നും അദ്ദേഹം ഓ‌‌‍‍ർമിപ്പിച്ചു.

അതേസമയം, പിഎം ശ്രീയില്‍ വിചിത്രവാദവുമായാണ് യൂത്ത് ലീഗ് നേതാവ് ഷിബു മീരാന്‍ രംഗത്തെത്തിയത്. പിഎം ശ്രീയിൽ കേന്ദ്ര മറുപടി അബ്ദുൾ വഹാബ് ചോദിച്ച് വാങ്ങിയതാണെന്നായിരുന്നു ഷിബു മീരാന്റെ പ്രതികരണം. ചാനലുകൾ പൊക്കി പിടിക്കുന്ന ഉത്തരം അവർ ചോദിച്ചതല്ല. കൂവി വിളിക്കുന്ന സിപിഐഎംകാരോ ചോദിച്ചു വാങ്ങിയ ഉത്തരമല്ല ആ മറുപടി. ലീഗിന്റെ എം പി വഹാബ് സാഹിബ് ചോദിച്ച് വാങ്ങിയതാണ്. പിന്മാറാൻ എല്ലാ സാധ്യതയും തേടുന്നുവെന്നതിന് അത് മാത്രം മതി തെളിവെന്നായിരുന്നു ഷിബു മീരാൻ ഫേസ്ബുക്കില്‍ കുറിച്ചത്.

News Malayalam 24x7
newsmalayalam.com