പീച്ചി കസ്റ്റഡി മർദനത്തിൽ ട്വിസ്റ്റ്: ഹോട്ടൽ ജീവനക്കാർ ആദ്യ പരാതിക്കാരെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; എസ്ഐ സഹായിക്കുകയായിരുന്നെന്ന് ദിനേശ്
തൃശൂർ: പീച്ചി പൊലീസ് സ്റ്റേഷനിലെ മർദനവുമായി ബന്ധപ്പെട്ട ആദ്യ പരാതിയിലെ നിർണായക സിസിടിവി ദൃശ്യം ന്യൂസ് മലയാളത്തിന്. പൊലീസിന് എതിരെ പരാതി ഉന്നയിച്ച ഹോട്ടലുടമ കെ.പി. ഔസേപ്പിൻ്റെ ജീവനക്കാർ ആദ്യ പരാതിക്കാരെ മർദിക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്. ഹോട്ടലുടമയുടെ പരാതിയിൽ മണ്ണുത്തി എസ്ഐ മർദിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആദ്യ പരാതിക്കാരൻ ദിനേശ്.
പാലക്കാട് വണ്ടാഴി സ്വദേശിയായ ദിനേശ്, സഹോദര പുത്രനായ ജിനീഷ് എന്നിവരെയാണ് ഔസേപ്പിൻ്റെ ജീവനക്കാർ കയ്യേറ്റം ചെയ്തത്. ഈ പരാതി പണം വാങ്ങി ഒതുക്കി തീർക്കാൻ എസ്ഐ പി.എം.രതീഷും സംഘവും ശ്രമിച്ചെന്ന് ഹോട്ടലുടമ നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ എസ്ഐ പി.എം. രതീഷിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ആദ്യ പരാതിക്കാർ. ഹോട്ടലിലെ തല്ലിനെ കുറിച്ച് അറിഞ്ഞാണ് എസ്ഐ സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്ന് ദിനേശ് ന്യൂസ് മലയാളത്തോട് പറഞ്ഞു.
തന്നെ മർദിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കിയാണ് പീച്ചി സ്റ്റേഷനിലെ പൊലീസുകാർ ഹോട്ടൽ ജീവനക്കാരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. പീച്ചി എസ്ഐ രതീഷ് സംഭവത്തിൽ സഹായിക്കുകയായിരുന്നു. എന്നാൽ മണ്ണുത്തി സിഐ ഷുക്കൂർ ക്രൂരമായി ഉപദ്രവിച്ചുവെന്നും ദിനേശ് ന്യൂസ് മലയാളത്തോട് പറഞ്ഞു.
ഹോട്ടൽ ഉടമ ഔസേപ്പിൽ നിന്നും താൻ പണം വാങ്ങിയിട്ടില്ല. കേസിൽ പെടുത്താൻ നിർബന്ധിച്ചു പണം ഏൽപ്പിക്കുകയായിരുന്നു. പിന്നീട് ഈ പണം അവർ തന്നെ തിരികെ വാങ്ങുകയും ചെയ്തു. പണം വാങ്ങി എന്നുള്ള ഹോട്ടൽ ഉടമയുടെ പരാതിയിൽ മണ്ണുത്തി സിഐ ആയിരുന്ന ഷുക്കൂറാണ് അന്വേഷണം നടത്തിയത്. സ്റ്റേഷനിൽ എത്തിച്ചും വീട്ടിൽ നിന്നും ഷുക്കൂർ ഉപദ്രവിച്ചു.തലയിൽ ചവിട്ടി ഗുരുതരമായി പരിക്കേൽപ്പിച്ചു. കേൾവി തകരാർ സംഭവിച്ചതോടെ ചികിത്സ നേടേണ്ട സാഹചര്യമുണ്ടായെന്നും ദിനേശ് ആരോപിച്ചു.
അതേസമയം ഹോട്ടലിൽ ഉണ്ടായ തർക്കവുമായി ബന്ധപ്പെട്ട പരാതി ഒത്തുതീർപ്പാക്കാൻ പൊലീസുകാർ ഇടപെട്ട് പണം ആവശ്യപ്പെട്ടെന്നായിരുന്നു ഹോട്ടലുടമ ഔസേപ്പിൻ്റെ ആരോപണം. പിന്നാലെ പരാതി നൽകിയ ദിനേശിന് അഞ്ച് ലക്ഷം രൂപ കൈമാറി. വീട്ടിൽ വെച്ച് പണം കൈമാറുന്ന സിസിടിവി ദൃശ്യങ്ങളും ഔസേപ്പ് പുറത്തുവിട്ടിരുന്നു.
ഹോട്ടലിൽ ഉണ്ടായ തർക്കത്തിൽ തന്റെ മകനെയും സ്റ്റാഫിനെയും പ്രതിയാക്കി ജയിലിൽ അടയ്ക്കാൻ ശ്രമിച്ചെന്നായിരുന്നു ഔസേപ്പിൻ്റെ ആരോപണം. വധശ്രമക്കേസും പോക്സോ കേസും രജിസ്റ്റർ ചെയ്ത് ജാമ്യമില്ല വകുപ്പ് പ്രകാരം ജയിൽ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കെ.പി. ഔസേപ്പ് പറഞ്ഞു.
