
കൊച്ചി: ഭൂട്ടാൻ വഴിയുള്ള വാഹന കടത്തിൽ വിശദമായ ചോദ്യം ചെയ്യലിന് ഒരുങ്ങി കസ്റ്റംസ്. പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകളെയും വാഹനം കൈമാറിയ ഡീലർമാരെയും കസ്റ്റംസ് ചോദ്യം ചെയ്യും. സമൻസ് ലഭിച്ച ദുൽഖർ സൽമാൻ അടക്കമുള്ളവർ കസ്റ്റംസിന് മുൻപാകെ ചോദ്യം ചെയ്യലിന് ഹാജരാകും. നടൻ അമിത് ചക്കാലക്കലിനെ പ്രാഥമികമായി ചോദ്യം ചെയ്തെങ്കിലും വിശദമായി ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്റെ തീരുമാനം. ഇവർ സമർപ്പിച്ച രേഖകളും സംഘം പരിശോധിക്കും.
ഭൂട്ടാനില്‍ നിന്നുള്ള ആഢംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഇന്നലെ ഓപ്പറേഷൻ നുംഖോർ എന്ന പേരിൽ രാജ്യ വ്യാപക പരിശോധന നടത്തിയത്. വിവിധയിടങ്ങളിലായി നടത്തിയ പരിശോധനയിൽ 36 വാഹനങ്ങളാണ് പിടിച്ചെടുത്തത്. വയെല്ലാം ഭൂട്ടാൻ വഴി വന്നത് ആണെന്ന് പ്രാഥമിക പരിശോധനയിൽ ബോധ്യപ്പെട്ടിട്ടുണ്ട്.
ഈ വാഹനങ്ങളുടെ നിലവിലെ ഉടമകളുടെ അറിവോടെ ആണോ വാഹനം ഇന്ത്യയിലേക്ക് കടത്തിയത് എന്നത് അടക്കമുള്ള കാര്യങ്ങളാണ് കസ്റ്റംസ് പരിശോധിക്കുന്നത്. വിവിധ അന്വേഷണ ഏജൻസികളുടെ കൂടി സഹായത്തോടെ ആകും കസ്റ്റംസിന്റെ അന്വേഷണം. അന്വേഷണത്തിൽ ഇഡി ഉൾപ്പെടെയുള്ള ഏജൻസികളുടെ സഹായം തേടാനും നീക്കമുണ്ട്.
കേസിൽ ദുല്‍ഖര്‍ സല്‍മാന്റെ രണ്ട് വാഹനങ്ങളും അമിത് ചക്കാലക്കലിൻ്റെ രണ്ട് വാഹനങ്ങളുമടക്കം കൊച്ചിയിൽ നിന്നും 10 വാഹനങ്ങളാണ് പിടിച്ചെടുത്തത്. ദുല്‍ഖര്‍ സല്‍മാന്റെ കാറുകള്‍ പിടിച്ചെടുത്തതിന് പുറമെ നാല് വാഹനങ്ങളുടെ രേഖകൾ ഹാജരാക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ദുൽഖർ സൽമാനോട് നേരിട്ട് ഹാജരാകാനും നിർദേശമുണ്ട്. അമിത് ചക്കാലക്കലിൻ്റെ മൂന്ന് വാഹനങ്ങളുടെ രേഖകളും ഹാജരാക്കാൻ നിർദേശമുണ്ട്. അതേസമയം പൃഥ്വിരാജിൻ്റേത് കള്ളക്കടത്ത് വാഹനമല്ലെന്ന് കണ്ടെത്തി.