ജിജോ ജോണ്‍ പുത്തേഴത്തിനെതിരായ സൈബര്‍ ആക്രമണം; നിന്ദ്യവും ക്രൂരവുമെന്ന് മുഖ്യമന്ത്രി; കര്‍ശന നടപടിക്ക് നിര്‍ദേശമിട്ട് ആഭ്യന്തര മന്ത്രി

മുന്‍കാലങ്ങളില്‍ നല്‍കിയ വാര്‍ത്തകളുടെ പേരിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് അധിക്ഷേപങ്ങള്‍ക്ക് പിന്നിലെന്ന് മുഖ്യമന്ത്രി
ജിജോ ജോണ്‍ പുത്തേഴത്തിനെതിരായ സൈബര്‍ ആക്രമണം; നിന്ദ്യവും ക്രൂരവുമെന്ന് മുഖ്യമന്ത്രി; കര്‍ശന നടപടിക്ക് നിര്‍ദേശമിട്ട് ആഭ്യന്തര മന്ത്രി
Published on
Updated on

അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തില്‍ കര്‍ശനനടപടിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കി. സൈബര്‍ വിഭാഗം ഐജിക്കാണ് ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ ദിവസം അന്തരിച്ച ജിജോ ജോണിനും കുടുംബത്തിനുമെതിരെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരവും അധിക്ഷേപാര്‍ഹവുമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് കര്‍ശന നടപടിയുണ്ടാവുക.

മുന്‍കാലങ്ങളില്‍ ജിജോ നല്‍കിയ വാര്‍ത്തകളുടെ പശ്ചാത്തലത്തിലുള്ള രാഷ്ട്രീയവൈരാഗ്യമാണ് സൈബര്‍ അധിക്ഷേപത്തിന് കാരണമെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ വിഷയം അതീവ ഗൗരവമായി പരിഗണിക്കും. ഇതിനെതിരെ കര്‍ശന നടപടിയുണ്ടാകും. സൈബര്‍ വിഭാഗം ഐജിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

അപ്രതീക്ഷിത വേര്‍പാടിന് പിന്നാലെ, ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ അങ്ങേയറ്റം വേദനാജനകമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രതികരിച്ചു. നമ്മെ വിട്ടുപിരിഞ്ഞ ഒരു മാധ്യമ പ്രവര്‍ത്തകനെതിരെയെന്നല്ല, ഏത് മനുഷ്യനെതിരെയുമാകട്ടെ, ഇത്തരത്തില്‍ സംഘടിതമായി വിദ്വേഷവും അസത്യങ്ങളും പ്രചരിപ്പിക്കുന്നത് കേരളം ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നതമായ സാമൂഹിക സംസ്‌കാരത്തിന് തന്നെ തീരാക്കളങ്കമാണ്. മുഖമുള്ളതും ഇല്ലാത്തതുമായ ഐഡികളില്‍ നിന്ന് വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ എന്ത് മാനവികതയെ കുറിച്ചാണ് പറയുന്നത്? എന്ത് മാനുഷിക മൂല്യങ്ങളെ കുറിച്ചാണ് പറയുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ജിജോ ജോണ്‍ പുത്തേഴത്തിനെതിരായ സൈബര്‍ ആക്രമണം; നിന്ദ്യവും ക്രൂരവുമെന്ന് മുഖ്യമന്ത്രി; കര്‍ശന നടപടിക്ക് നിര്‍ദേശമിട്ട് ആഭ്യന്തര മന്ത്രി
വൈദ്യുതി പ്രതിസന്ധി: മുഖ്യമന്ത്രിക്കും മന്ത്രിക്കും ദീര്‍ഘവീക്ഷണമില്ല, കമ്മീഷന്‍ അടിക്കാനാണോ ശ്രമമെന്നും സംശയം: എം.എം. മണി

മുന്‍കാലങ്ങളില്‍ അദ്ദേഹം നല്‍കിയ അന്വേഷണാത്മക വാര്‍ത്തകളുടെ പേരിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് ഈ അധിക്ഷേപങ്ങള്‍ക്ക് പിന്നിലെന്നത് ഗൗരവമുള്ള വിഷയമാണെന്ന് മുഖ്യമന്ത്രി കുറിപ്പില്‍ ചൂണ്ടിക്കാണിച്ചു. ഒരു മാധ്യമപ്രവര്‍ത്തകന്റെ കര്‍ത്തവ്യ നിര്‍വഹണത്തെയും അദ്ദേഹത്തിന്റെ വിയോഗത്തെത്തന്നെയും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ ഇത്തരത്തില്‍ അധിക്ഷേപിക്കുന്നത് ജനാധിപത്യ സമൂഹത്തിന് ഒട്ടും യോജിച്ചതല്ല. എറണാകുളം പ്രസ് ക്ലബ്ബും ജിജോയുടെ സുഹൃത്തുക്കളും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ വിഷയം അതീവ ഗൗരവത്തില്‍ പരിഗണിക്കും. കുറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും. ആര്‍ക്കെതിരെയായാലും ഇത്തരം നിന്ദ്യവും ക്രൂരവുമായ സൈബര്‍ ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

News Malayalam 24x7
newsmalayalam.com