കോഴിക്കോട്: 'എംറ്റി സ്പേസ്: ബാഷ്പീകൃതയുടെ ആറാം വിരൽ' എന്ന പുസ്തകത്തിന് പിന്നാലെ ഉയർന്ന ആരോപണങ്ങളിൽ വിശദീകരണവുമായി തിരക്കഥാകൃത്ത് ദീദി ദാമോദരന്‍. എംടിയുടെ ആദ്യ ഭാര്യയെപ്പറ്റിയുള്ള പുസ്തകത്തിൽ സ്വന്തമായി ഒന്നും പറഞ്ഞില്ലെന്നും എംടിയുടെ ജീവചരിത്രത്തിൽ വന്ന ഭാഗങ്ങൾ ക്വാട്ട് ചെയ്തതാണ് എഴുതിയതെന്നും ദീദി ദാമോദരൻ പറഞ്ഞു. പ്രതികരണം പുസ്തകം വായിക്കാതെയാണെന്നും അവർ പറഞ്ഞു. എച്ച്മുക്കുട്ടിയും ദീദി ദാമോദരനും ചേർന്നാണ് 'എംറ്റി സ്പേസ്: ബാഷ്പീകൃതയുടെ ആറാം വിരൽ' എന്ന പുസ്തകം രചിച്ചത്. പുസ്തകത്തിനെതിരെ എം.ടി. വാസുദേവൻ നായരുടെ കുടുംബം രംഗത്തെത്തിയിരുന്നു.
പ്രമീള നായരുടെ ജീവിതമെന്ന പേരിൽ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഭൂരിഭാഗം കാര്യങ്ങളും വസ്തുത വിരുദ്ധവും അസത്യവുമാണെന്നാണ് എംടിയുടെ മക്കളായ സിതാരയും, അശ്വതി നായരും പറയുന്നത്. പ്രമീള നായർ മരിച്ച് 26 വർഷങ്ങൾക്ക് ശേഷവും, എം.ടി. വാസുദേവൻ നായർ മരിച്ച് ഒരു വർഷത്തിന് ശേഷവും രചിക്കപ്പെട്ട ഈ പുസ്തകം അച്ഛനെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുവാനും തേജോവധം ചെയ്യുവാനും ഉദ്ദേശിച്ച്, അതുവഴി ആർജ്ജിക്കുന്ന 'കുപ്രസിദ്ധിയിലൂടെ' പുസ്‌തകം വിറ്റു പോവാനും രചയിതാക്കൾക്ക് ശ്രദ്ധ കിട്ടുവാനും നടത്തിയ ഒരു കുത്സിത ശ്രമത്തിന്റെ ഭാഗമാണെന്നുമാണ് ഇരുവരും ആരോപിക്കുന്നത്.
ഈ പുസ്തകത്തിൽ എഴുതപ്പെട്ടിട്ടുള്ള കാര്യങ്ങൾ അർധ സത്യങ്ങളും കളവും വളച്ചൊടിക്കലുമാണെന്ന് വായനക്കാർ തിരിച്ചറിയുമെന്നും, അത് കൊണ്ട് തന്നെ സാംസ്‌കാരിക മേഖല ഈ പുസ്‌തകത്തെ തള്ളി കളയുമെന്നും കുടുംബം പറഞ്ഞു. പുസ്തകം ഉടനടി പിൻവലിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്നും അല്ലാത്ത പക്ഷം യുക്തമായ നടപടികൾ സ്വീകരിക്കുമെന്നും എംടിയുടെ മക്കൾ അറിയിച്ചു.