എറണാകുളം: പള്ളുരുത്തി സെൻ്റ് റീത്താസ് പബ്ലിക് സ്കൂളിലെ ശിരോവസ്ത്ര വിവാദത്തിൽ കത്തോലിക്ക സഭാ മുഖപത്രത്തിൻ്റെ മുഖപ്രസംഗം. ശിരോവസ്ത്രത്തിൻ്റെ പേരിൽ മറ്റുള്ളവരുടെ സ്ഥാപനങ്ങളിൽ അരാജകത്വം ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ ഒപ്പം നിൽക്കുന്നവർ തിരുത്തണമെന്നാണ് മുഖപ്രസംഗത്തിലെ ആവശ്യം. വിദ്യാഭ്യാസ മന്ത്രിക്കും, വകുപ്പിനും എതിരെയും പരാമർശമുണ്ട്.
നിസ്‌കാരം മുറിയടിച്ചപ്പോൾ ശിരോവസ്ത്രം എന്ന പേരിലാണ് ദീപികയിൽ മുഖപ്രസംഗം പ്രത്യക്ഷപ്പെട്ടത്. മതേതര സമൂഹത്തെ വെറുപ്പിക്കുന്ന പ്രകടനക്കാരെന്ന വിമർശനവും കുറിപ്പിലുണ്ട്. ഇരക്കടച്ചിലുമായി ചിലർ ചാനലുകളിൽ കയറിയിറങ്ങുന്നു എന്ന് പറഞ്ഞുകൊണ്ട് വിദ്യാഭ്യാസ മന്ത്രിയേയും വിമർശിച്ചിരിക്കുകയാണ് ദീപിക.
കുരിശിനെയും ഏലസ്സിനേയും കുങ്കുമത്തെയും കൂട്ടുപിടിക്കുകയാണ്. ഹിജാബിന്റെ പേരിൽ മറ്റുള്ളവരുടെ സ്ഥാപനങ്ങളിൽ അരാജകത്വം ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ, ഒപ്പം നിൽക്കുന്നവർ തിരുത്തണം. ഇല്ലെങ്കിൽ ഇസ്ലാമോഫോബിയയുടെ കാരണമന്വേഷിച്ച് ഏറെ അലയേണ്ടി വരുമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
അതേസമയം യൂണിഫോം സംബന്ധിച്ച് സ്കൂൾ മാനേജ്മെന്റിന്റെ നിയമപ്രകാരമുള്ള ചട്ടങ്ങൾ പാലിച്ച് സ്കൂൾ പ്രവർത്തിക്കാൻ മതിയായ പൊലീസ് സംരക്ഷണം നൽകാനാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അത്തരത്തിൽ സ്കൂൾ പ്രവർത്തനവുമായി മുന്നോട്ടു പോകുന്നതിനിടയിൽ ആരും അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുത് എന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ആവശ്യപ്പെട്ടു.
മാനേജ്മെന്റ് കൈക്കൊള്ളുന്ന നിയമപ്രകാരമുള്ള എല്ലാ തീരുമാനങ്ങൾക്കും പ്രാദേശിക യൂണിറ്റുമായും കൊച്ചി രൂപതാ സമിതിയുമായും കെആർഎൽസിസി ഉൾപ്പെടെയുള്ളവരുമായും ഒപ്പം ചേർന്ന് സംഘടന പൂർണ്ണ പിന്തുണ നൽകും എന്നും കെഎൽസിഎ സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.