തൃശൂർ: വെള്ളിക്കുളങ്ങരയിൽ വ്യാജ കേസിൽ പ്രതിയാക്കി യുവാവിനെ കസ്റ്റഡി മർദനത്തിന് ഇരയാക്കിയതായി പരാതി. മോനടി ദേശം സ്വദേശി ദീപു ഫ്രാൻസിസിനാണ് മർദനമേറ്റത്. സ്റ്റേഷനിലെ സിസിടിവി ഇല്ലാത്ത ഭാഗത്ത് വച്ച് പൊലീസുകാർ ചേർന്ന് ക്രൂരമായി മർദിച്ചതായി ദീപു ആരോപിച്ചു. എന്നാൽ ദീപുവിൻ്റെ വാദങ്ങൾ പൂർണമായി തള്ളുകയാണ് പൊലീസ്.
ഇരിങ്ങാലക്കുട സ്റ്റേഷനിലെ സിപിഒ പ്രവീൺ വേലായുധനുമായ ഉണ്ടായ വാക്കുതർക്കം മറയാക്കി വ്യാജ പരാതി നൽകി കേസിൽപ്പെടുത്തിയെന്ന ആരോപണമാണ് ദീപു ഉന്നയിക്കുന്നത്. ശനിയാഴ്ച വൈകുന്നേരം പ്രവീൺ ഓടിച്ചു വന്ന കാർ ദേഹത്ത് തട്ടിയത് ചോദ്യം ചെയ്തതാണ് വ്യാജ പരാതിക്കും മർദനത്തിനും കാരണമെന്നും യുവാവ് പറയുന്നു. പൊലീസുകാരനെതിരെ പരാതി നൽകാൻ സ്റ്റേഷനിൽ എത്തിയ തൻ്റെയും സുഹൃത്ത് ലിസ്റ്റിന്റെയും പരാതി ഉദ്യോഗസ്ഥർ സ്വീകരിച്ചില്ല.
പിന്നാലെ വെള്ളികുളങ്ങര പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ ഇരിങ്ങാലക്കുട സിപിഒ പ്രവീണിനെയും ഭാര്യയെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് തങ്ങൾക്കെതിരെ വ്യാജ കേസെടുക്കുകയായിരുന്നെന്ന് ദീപു പറയുന്നു. എന്നാൽ ഉദ്യോഗസ്ഥനെയും ഭാര്യയെയും മർദിക്കാൻ ശ്രമിച്ചെന്നാണ് പൊലീസ് വാദം.
ദീപുവിനും സുഹൃത്ത് ലിസ്റ്റണും എതിരെ വധശ്രമത്തിന് കേസെടുത്ത പൊലീസ്, കസ്റ്റഡിയിലിരിക്കെ മകനെ ക്രൂരമായി മർദിച്ചുവെന്ന് പിതാവ് ഫ്രാൻസിസും ആരോപിച്ചു. മജിസ്ട്രേറ്റിന് മുന്നിൽ മർദന വിവരം മകൻ വെളിപ്പെടുത്തിയിട്ടുണ്ട്. മജിസ്ട്രേറ്റ് ചികിത്സ നൽകാൻ പൊലീസിനോട് നിർദേശിച്ചു. സംഭവത്തിൽ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയതായും ഫ്രാൻസിസ് ന്യൂസ് മലയാളത്തോട് പറഞ്ഞു.
യുവാവിൻ്റെയും പിതാവിൻ്റെയും ആരോപണങ്ങൾ പൂർണമായും തള്ളുകയാണ് വെള്ളിക്കുളങ്ങര പൊലീസ്. സിപിഒ പ്രവീണിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് ദീപുവിനും ലിസ്റ്റണുമെതിരെ കേസെടുത്തതെന്നും ഉദ്യോഗസ്ഥന്റെ ഭാര്യക്കും മക്കൾക്കും നേരെ പ്രതികൾ കയ്യേറ്റ ശ്രമം നടത്തിയെന്നും പൊലീസ് പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള പരാതിയെ തുടർന്നാണ് നടപടി. കസ്റ്റഡി മർദനം നടന്നിട്ടില്ലെന്നും പൊലീസ് വിശദീകരിച്ചു.