കോട്ടയം: എൻഡിഎ നേതാക്കളുടെ അധിക്ഷേപത്തിൽ പരോക്ഷ മറുപടിയുമായി ദീപിക ദിനപത്രം. എഫ്‌സിആർഎയെക്കുറിച്ച് മിണ്ടിപ്പോകരുതെന്ന ഭീഷണിയുമായി ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും നിലപാടിൽ മാറ്റമില്ലെന്ന് ദീപിക മുഖപ്രസംഗത്തിൽ വ്യക്തമാക്കി. സഭയ്ക്കില്ല ഹിംസയുടെ കുപ്പിണി പട്ടാളമെന്ന തലക്കെട്ടോടെയാണ് ദീപികയുടെ മുഖപ്രസംഗം എഴുതിയിരിക്കുന്നത്.
ബിജെപിക്കെതിരെ സ്റ്റാലിനെയും ട്രംപിനേയും ഉദ്ധരിച്ചാണ് ദീപികയുടെ മുഖപ്രസംഗം. ആഗോള തീവ്രവാദത്തിൻ്റെയും ഏകാധിപത്യത്തിൻ്റെയും ക്രൂരത യാഥാർഥ്യമാണ്. അതിനെതിരായ ചെറുത്തുനിൽപ്പ് എന്ത് അക്രമത്തിനുമുള്ള ബ്ലാങ്ക് ചെക്ക് അല്ല. ഭീഷണി യുദ്ധ കൊതിയനായ ട്രംപിൻ്റെ ആയാലും വർഗീയതയുടെ ഏജൻ്റുമാരായ കേരളത്തിലെ പ്രാദേശിക രാഷ്ട്രീയ കവല ചട്ടമ്പികളായാലും അത് മറക്കരുത് എന്നും ദീപിക ചൂണ്ടിക്കാട്ടി. സ്വന്തം ദുഷ്‌കൃത്യങ്ങളെ വിമർശിക്കുന്നവരെ ദേശദ്രോഹികളായി ചിത്രീകരിക്കുന്ന കുതന്ത്രത്തിൻ്റെ അമേരിക്കൻ പതിപ്പാണ് ഇതെന്നും മുഖപ്രസംഗത്തിൽ വ്യക്തമാക്കി.
എല്ലാവർക്കും വേണ്ടി എന്ന് പറഞ്ഞ് പാസാക്കിയ നിയമങ്ങൾ ന്യൂനപക്ഷങ്ങളെ മാത്രം വേട്ടയാടുകയാണ്. ആൾക്കൂട്ട വിചാരണയും അടിച്ചമർത്തലും തുടരുമ്പോൾ അത് ബാധിക്കുന്നവർ മിണ്ടാതിരുന്നോണം, പാർലമെൻ്റിൽ പോലും ചർച്ച ചെയ്യില്ലെന്നാണ് നിലപാട്. അധികാര മുഷ്‌കിൽ മനുഷ്യത്വത്തെ കഴുത്തു ഞെരിക്കാൻ ശ്രമിച്ച നിരവധി പ്രേതങ്ങൾ ചരിത്രത്തിൽ ഉടനീളം ആട്ടും തുപ്പുമേറ്റ് കിടപ്പുണ്ട്. ഞങ്ങൾ അങ്ങ് നടപ്പാക്കും നിങ്ങളാരാ ചോദിക്കാൻ, നിങ്ങൾ എത്ര ശതമാനമുണ്ട്, ഭരണകൂടത്തിൻ്റെ മര്യാദ കൊണ്ട് നിങ്ങളെയൊക്കെ ചുമക്കുന്നന്നേയുള്ളൂ, ഇത്തരം ഭീഷണികൾ ചരിത്രത്തിൽ ആദ്യത്തേതോ അവസാനത്തേതോ അല്ലെന്നും ദീപിക വ്യക്തമാക്കി.
എൻഡിഎ നേതാക്കന്മാരായ പി.സി. ജോർജിൻ്റെയും ഷോൺ ജോർജിൻ്റെയും പരാമർശങ്ങൾക്ക് പിന്നാലെയാണ് ദീപിക മുഖപ്രസംഗത്തിൽ നിലപാട് വ്യക്തമാക്കിയത്. രക്തത്തിൽ അടിഞ്ഞുപോയ യുഡിഎഫ് സ്നേഹമാണ് ദീപികയിൽ ഇപ്പോൾ കാണുന്നതെന്നും ദീപികയ്‌ക്കെതിരെ സഭാ പിതാക്കന്മാർക്ക് പരാതി നൽകുമെന്നും, പത്രത്തിൻ്റെ ഇൻവെസ്റ്റേഴ്‌സ് ആരൊക്കെയാണെന്ന് അറിയണമെന്നുമായിരുന്നു ഷോൺ ജോർജിൻ്റെ പ്രതികരണം.
സഭാ മുഖപത്രം എന്ന പേര് ഉപയോഗിച്ച് കോൺഗ്രസിന് വേണ്ടി ഇടപെടൽ നടത്തുകയാണ്. സഭാ പിതാക്കന്മാരുടെ അഭിപ്രായമല്ല ദീപികയിൽ വരുന്നത്. ഏതെങ്കിലും കോൺഗ്രസ് സർക്കാരുകളുടെ പണം കൈപ്പറ്റി ഇത്തരം വാർത്തകൾ പടച്ചുവിടുന്നത് നിർത്തണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടിരുന്നു.
ദീപിക പത്രം വായിക്കുന്നവർക്ക് വട്ടാണെന്നും ഇത്രയും നാണംകെട്ട ഒരു പത്രം ഉണ്ടാകില്ലെന്നുമായിരുന്നു പി.സി. ജോർജിൻ്റെ പ്രതികരണം. ദീപികാ പത്രം വായിക്കരുതെന്ന് നിയമസഭയിൽ അടക്കം താൻ പറഞ്ഞിട്ടുണ്ട്. ചില മെത്രാന്മാർ വൃത്തികെട്ട പണിയാണ് ചെയ്യുന്നത്. ബോധവും വിവരവുമില്ലാത്ത പണിയാണ് മെത്രാന്മാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും പി.സി. ജോർജ് വിമർശിച്ചിരുന്നു.
ചില മെത്രാന്മാർ ജന്മനാ കോൺഗ്രസ് ആണ്. അവർ ബിഷപ്പായാലും മെത്രാനായാലും കോൺഗ്രസ് തന്നെയാണ് എന്നും പി.സി. ജോർജ് പറഞ്ഞിരുന്നു. വിദേശത്ത് നിന്നും സ്വീകരിക്കുന്ന പണത്തിൻ്റെ കണക്ക് കാണിക്കുന്നതിന് എന്താണ് കുഴപ്പം എന്നും പി.സി ജോർജ് ചോദിച്ചു. അത് കാണിക്കുന്നില്ല എന്ന് പറഞ്ഞാൽ സഭയും എന്തോ തെറ്റ് ചെയ്യുന്നുണ്ടെന്നാണ് അർഥമെന്നും പി.സി. ജോർജ് ചൂണ്ടിക്കാട്ടിയിരുന്നു.