

വി.എസ്. അച്യുതാനന്ദന്റെ ഓര്‍മക്കുറിപ്പ് അടങ്ങിയ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി. വിഎസിന്റെ മുന്‍ സെക്രട്ടറി കെ.വി. സുധാകരന്‍ എഴുതിയ 'മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം' എന്ന അനുസ്മരണ ലേഖനം ഉള്‍പ്പെടുന്ന വാരാന്തപ്പതിപ്പാണ് ഇന്നത്തെ പത്രത്തോടൊപ്പം പുറത്തിറക്കിയത്. ആദ്യ പേജിലും അവസാന പേജിലുമായാണ് വിഎസ് ഓര്‍മക്കുറിപ്പുകള്‍. അതേസമയം, ഏറെ ചര്‍ച്ചയായ കള്ളന്‍ വിജയന്‍ എന്ന നാടകപ്രവര്‍ത്തകനെ കുറിച്ചുള്ള ലേഖനം ഇന്നിറങ്ങിയ പതിപ്പില്‍ ഇല്ല. സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്നാണ് ഞായറാഴ്ച പ്രസിദ്ധീകരിക്കാറുള്ള വാരാന്തപ്പതിപ്പ് അച്ചടിക്കാതിരുന്നതെന്നായിരുന്നു ദേശാഭിമാനി അറിയിച്ചിരുന്നത്.
വിഎസിന്റെ ഒന്നാം ചരമാര്‍ഷികത്തോടനുബന്ധിച്ച് തയ്യാറാക്കിയ വാരാന്തപ്പതിപ്പ് അവസാനം നിമിഷം ഒഴിവാക്കിയത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. അനുസ്മരണക്കുറിപ്പുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസം എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ 'കള്ളൻ വിജയൻ' എന്ന തലക്കെട്ടിൽ വാരാന്തപ്പതിപ്പിൽ വന്ന ഫീച്ചറാണ് പ്രസിദ്ധീകരിക്കാതിരിക്കാൻ കാരണമെന്നായിരുന്നു പിന്നീട് വന്ന വിവരങ്ങള്‍. പുല്ലാംപാറ നാടക ഗ്രാമത്തിലെ വിജയൻ എന്ന ആളെ കുറിച്ചായിരുന്നു ഫീച്ചർ. ഈ ഫീച്ചര്‍ എഴുതിയ ടി.സി. രാജേഷ് സിന്ധു, "പിഴവ് എന്റേതാണ്. ഞാന്‍ ശ്രദ്ധിക്കേണ്ടതായിരുന്നു" എന്ന് ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, വാരാന്തപ്പതിപ്പുമായി ബന്ധപ്പെട്ട് യാതൊരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തകളാണ് പുറത്തുവരുന്നതെന്നായിരുന്നു ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ എം. സ്വരാജിന്റെ പ്രതികരണ. 'കള്ളൻ വിജയൻ' എന്ന പേരിൽ ഒരു ലേഖനം ദേശാഭിമാനിയിൽ ഇല്ല. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് വാർത്തകൾ വരുന്നത്. വാരാന്തപ്പതിപ്പ് അച്ചടിച്ചില്ല എന്നുള്ളത് വസ്തുതയാണ്. എന്നാല്‍ സാങ്കേതികപ്രശ്നം മൂലം മാത്രമാണ് അച്ചടിക്കാഞ്ഞത്. ഒരു യൂണിറ്റിൽ സ്വകാര്യ പ്രസ്സിൽ നിന്നാണ് പത്രം അടിക്കുന്നത്. അവിടെ യന്ത്രത്തകരാർ ഉണ്ടായതോടെ സമയബന്ധിതമായി പത്രം അച്ചടിക്കുന്നതിൽ പ്രശ്നമുണ്ടായി. ആ തകരാര്‍ പരിഹരിച്ചതോടെ വാരാന്തപ്പതിപ്പ് അച്ചടിച്ച് തിങ്കളാഴ്ചത്തെ പത്രത്തോടൊപ്പം വിതരണം ചെയ്യുമെന്നും സ്വരാജ് വ്യക്തമാക്കിയിരുന്നു. വിഎസിന്റെ അനുസ്മരണം ഒഴിവാക്കി എന്ന ഹീനമായ വാർത്തയാണ് ചിലരൊക്കെ കൊടുത്തത്. വിഎസിനെ പോലെ ഒരാളെ ഇത്തരം വിവാദങ്ങളുടെ പേരിൽ വലിച്ചിഴയ്ക്കരുതെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.