

വി.എസ്. അച്യുതാനന്ദന്റെ ഓര്‍മക്കുറിപ്പ് അടങ്ങിയ വാരാന്തപ്പതിപ്പ് ഒഴിവാക്കി ദേശാഭിമാനി. വിഎസിന്റെ ഒന്നാം ചരമാര്‍ഷികത്തോടനുബന്ധിച്ച് തയ്യാറാക്കിയ വാരാന്തപ്പതിപ്പാണ് അവസാനം നിമിഷം ഒഴിവാക്കിയത്. ഇതോടെ, ഞായറാഴ്ചകളില്‍ പതിവായ വാരാന്ത പതിപ്പ് ഇല്ലാതെയാണ് ദേശാഭിമാനി പത്രം ഇറങ്ങിയത്. സാങ്കേതിക കാരണങ്ങളാല്‍ ഒഴിവാക്കുന്നു എന്നാണ് പത്രത്തില്‍ നല്‍കിയിട്ടുള്ള അറിയിപ്പ്.
വിഎസിന്റെ മുന്‍ സെക്രട്ടറിയും, ജീവചരിത്ര പുസ്കകത്തിന്റെ രചയിതാവുമായ കെ.വി. സുധാകരന്‍ എഴുതിയ 'മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം' എന്ന അനുസ്മരണ ലേഖനം ഉള്‍പ്പെടുന്ന വാരാന്തപ്പതിപ്പാണ് ഒഴിവാക്കിയത്. വാരാന്തപ്പതിപ്പ് അച്ചടിച്ചിരുന്നുവെന്നും, ഒരു ലേഖനത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായതിനെത്തുടര്‍ന്ന് അച്ചടിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിഎസ് അനുസ്മരണ ലേഖനത്തിലല്ല പ്രശ്നം. വാരാന്തപ്പതിപ്പിലെ മറ്റൊരു ലേഖനത്തിന്റെ തലക്കെട്ടിലാണ് അഭിപ്രായ വ്യത്യാസം. ആ തലക്കെട്ട് പിണറായി വിജയനുമായി ബന്ധപ്പെട്ട ദുര്‍വ്യാഖ്യാനത്തിന് ഇട വരുത്തിയേക്കുമെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് വാരാന്തപ്പതിപ്പ് പിന്‍വലിച്ചത്.
'കള്ളൻ വിജയൻ' എന്ന തലക്കെട്ടിൽ വാരാന്ത്യ പതിപ്പിൽ വന്ന ഫീച്ചറാണ് പ്രസിദ്ധീകരിക്കാതിരിക്കാൻ കാരണമെന്നാണ് ദേശാഭിമാനിയുടെ അനൗദ്യോഗിക വിശദീകരണം. പുല്ലാംപാറ നാടക ഗ്രാമത്തിലെ വിജയൻ എന്ന ആളെ കുറിച്ചായിരുന്നു ഫീച്ചർ. ഈ ഫീച്ചര്‍ എഴുതിയ ടി.സി. രാജേഷ് സിന്ധു, "പിഴവ് എന്റേതാണ്. ഞാന്‍ ശ്രദ്ധിക്കേണ്ടതായിരുന്നു" എന്ന് ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ തിരുത്തുണ്ടായശേഷം, വാരാന്തപ്പതിപ്പ് വരും ദിവസങ്ങളില്‍ തന്നെ വിതരണം ചെയ്യാനാണ് നീക്കം. സിപിഐഎം സ്ഥാപക നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് 2025 ജൂലൈ 21നാണ് അന്തരിച്ചത്.