പത്തനംതിട്ട: ശബരിമല ദ്വാരപാലക ശിൽപ വിവാദത്തിൽ ദേവസ്വം ബോർഡിന് അടിമുടി വീഴ്ച. രേഖകളിൽ സ്വർണപ്പാളി ചെമ്പ് പാളിയാക്കിയത് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ. ദേവസ്വം കമ്മിഷണറും എക്സിക്യൂട്ടീവ് ഓഫീസറും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും ചേർന്നാണ് 2019ൽ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത്. ശിൽപങ്ങളിൽ സ്വർണ പാളിയെന്ന മുൻ രേഖകൾ അവഗണിച്ചാണ് ഈ അസാധാരണ നീക്കം.
എന്നാൽ സ്വർണപ്പാളി വിഷയത്തിൽ ദേവസ്വം ബോർഡിന് ഒന്നും ഒളിക്കാനില്ലെന്നും വീഴ്‌ച പറ്റിയിട്ടില്ലെന്നുമാണ് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി. എസ്. പ്രശാന്ത് പറയുന്നത്. ആഗോള അയ്യപ്പ സംഗമത്തോടെയാണ് വിവാദം ഉണ്ടായത്. സ്വർണപ്പാളി വിവാദം പ്രതിപക്ഷം സുവർണാവസരമായി കണ്ടു. കോടതിയിൽ സമഗ്രാന്വേഷണം ആവശ്യപ്പെടുമെന്നും പി.എസ്. പ്രശാന്ത് വ്യക്തമാക്കി.
അതേസമയം, സ്വർണപ്പാളി പ്രദർശന വസ്തുവാക്കിയിട്ടില്ലെന്നും പണപ്പിരിവ് നടത്തിയിട്ടുണ്ടെങ്കിൽ നടപടി എടുക്കട്ടെയെന്നുമാണ് വിവദാത്തിൽ ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞത്. സ്വർണപീഠം നഷ്ടപ്പെട്ടു എന്ന് താൻ ഒരിക്കലും പരാതി പറഞ്ഞിട്ടില്ല. അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ പറഞ്ഞാൽ അപ്പോൾ ഹാജരാകാമെന്നും ഉണ്ണികൃഷ്ണൻ പോറ്റി വ്യക്തമാക്കി. ചെമ്പുപാളി എന്നാണ് തനിക്ക് തന്ന ഡോക്യുമെൻ്റിൽ ഉണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.