ഉണ്ണികൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിച്ച് ദേവസ്വം വിജിലൻസ്. ബാങ്ക് രേഖകൾ അടക്കം ഹാജരാക്കിയാണ് ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം വിജിലൻസിന് മുന്നിൽ മൊഴി നൽകിയത്. തന്നെ ആരെങ്കിലും പ്രതിക്കൂട്ടിൽ ആക്കിയതായി കരുതുന്നില്ലെന്നും സത്യം പുറത്തുവരും എന്നും ഉണ്ണികൃഷ്ണൻ പോറ്റി ആവർത്തിച്ചു.
കേസുമായി ബന്ധപ്പെട്ട നേരത്തെ ഹൈക്കോടതിയിൽ ഉണ്ണികൃഷ്ണൻ പോറ്റി ഇൻകം ടാക്സ് അടച്ചതിന്റെ വിശദാംശങ്ങൾ നൽകിയിരുന്നു. എന്നാൽ അക്കൗണ്ടിലേക്ക് കോടിക്കണക്കിന് രൂപ വന്നു പോയതിന്റെ തെളിവുകൾ ദേവസ്വം വിജിലൻസിന് കിട്ടിയിരുന്നു. ഇത് സംബന്ധിച്ചായിരുന്നു ഇന്നത്തെ അന്വേഷണം. ഉണ്ണികൃഷ്ണൻ പോറ്റിക്ക് തിരുവനന്തപുരം കേന്ദ്രീകരിച്ച് റിയൽ എസ്റ്റേറ്റ് ഇടപാട് ഉണ്ടായിരുന്നു എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കിട്ടിയ പണം, ആളുകളുമായുള്ള ഇടപാടുകൾ അടക്കം ചോദിച്ചറിഞ്ഞു. നേരത്തെ മണ്ണന്തലയിൽ ഉണ്ണികൃഷ്ണൻ പോറ്റി വാടകയ്ക്ക് നൽകിയിരുന്ന വീട്ടിലെ കാർ കത്തിയതുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഒരു കേസ് ഉണ്ടായിരുന്നു. എന്നാൽ ആ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ കുറ്റക്കാരനായി കണ്ടെത്താനായിട്ടില്ല എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിൽ അടക്കം വിശദാംശങ്ങൾ ശേഖരിച്ചിട്ടുണ്ട്. അതേസമയം സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പതിവ് പ്രതികരണം ആയിരുന്നു ഇന്നും ഉണ്ണികൃഷ്ണൻ പോറ്റിയുടേത്.
ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് മുന്നിൽ തനിക്ക് സഞ്ചാര സ്വാതന്ത്ര്യം വേണം എന്നായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിലപാട്. സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട വിഷയത്തിൽ വരും ദിവസങ്ങളിൽ ദേവസ്വം ഉദ്യോഗസ്ഥരുടെയും ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം സ്പോൺസർമാരായി നിന്നവരുടെയും മൊഴിയെടുത്തേക്കും. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസുകളിൽ എങ്ങനെ തുടരാൻ അന്വേഷണം നടത്തണമെന്നും ദേവസ്വം വിജിലൻസ് ആലോചിക്കുന്നുണ്ട്.