
കൊച്ചി: ശബരിമല ശ്രീകോവിലിന്റെ മേൽക്കൂരയ്ക്ക് സ്വർണാവരണം നൽകാൻ അനുമതി ലഭിച്ചത് നിയമപോരാട്ടത്തിലൂടെ. 1998ലാണ് ഹൈക്കോടതി അനുമതി നൽകിയത്. വിജയ് മല്യയുടെ നേതൃത്വത്തിലുള്ള യുബി ഗ്രൂപ്പിനായിരുന്നു അനുമതി. മുപ്പത്തൊന്നര കിലോ സ്വർണമായിരുന്നു അന്ന് ഉപയോഗിച്ചത്. ശബരിമല ശ്രീകോവിലിൻ്റെ മേൽക്കൂരയ്ക്ക് സ്വർണാവരണം നൽകുന്നതിന് ഭക്തരുടെയും ദേവസ്വം അംഗങ്ങളുടെയും ഉൾപ്പെടെ എതിർപ്പുകളുണ്ടായാരുന്നു.
ദേവസ്വത്തിൻ്റെ ആവശ്യപ്രകാരം 1998 ഏപ്രിൽ 30ന് ഹൈക്കോടതി സ്വർണാവരണത്തിന് അനമുതി നൽകി. 1998 മെയ് 15നാണ് ഇതുമായി ബന്ധപ്പെട്ട ജോലികൾ തുടങ്ങി. ഇതിന് ശേഷമായിരുന്നു മേൽക്കൂരയ്ക്ക് സ്വർണാവരണം നൽകുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജിയെത്തിയത്. അയ്യപ്പൻ യോഗീശ്വരനായതിനാൽ സ്വർണാവരണം നൽകുന്നത് ഒഴിവാക്കണമെന്നതായിരുന്നു ഹർജിയിലെ ആവശ്യം. സ്വർണാവരണം നൽകുന്നതോടെ സുരക്ഷ കൂട്ടുകയും അതിലൂടെ ദേവന് ബുദ്ധിമുട്ട് ഉണ്ടാകുമെന്നുമായിരുന്നു വാദം.
എന്നാൽ ഈ വാദം ഹൈക്കോടതി അംഗീകരിച്ചില്ല. ശ്രീകോവിലിന്റെ മേല്ക്കൂരയിൽ നാല് ലെയറായി 24 കാരറ്റ് സ്വർണ ഷീറ്റ് സ്ഥാപിക്കുമെന്നായിരുന്നു വിജയ് മല്യയുടെ നേതൃത്വത്തിലുള്ള യുബി ഗ്രൂപ്പ് അന്ന് അറിയിച്ചത്. മേൽക്കൂരയ്ക്ക് സ്വർണത്തിന്റെ ആവരണം അണിയിക്കുന്നതോടൊപ്പം മൂന്ന് താഴികക്കുടങ്ങളും ശ്രീകോവിലിലെ പിച്ചള ഷീറ്റിലും സോപാനത്തിന്റെ സീലിങ്ങിലും സ്വർണം പൂശുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിനായി 31.2528 കിലോ സ്വർണം വേണ്ടിവരുമെന്നാണ് അന്ന് അറിയിച്ചത്. 1904 കിലോ ചെമ്പുപാളികൾ വേണ്ടിവരുമെന്നും അന്ന് അറിയിച്ചിരുന്നു. 1.75 കോടി രൂപയുടെ ചെലവാണ് അന്ന് കണക്കാക്കിയത്.