കാസർഗോഡ്: കേരളത്തിലെ എയിംസിനെ ചൊല്ലി ബിജെപിയിൽ അഭിപ്രായ ഭിന്നത. എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയാണ് പുതിയ തർക്കത്തിന് തിരികൊളുത്തിയത്. എയിംസ് കാസർഗോഡെത്തിക്കാനുള്ള തീവ്രശ്രമങ്ങൾ ബിജെപി ജില്ലാകമ്മിറ്റി തുടരുന്നതിനിടെയാണ് സുരേഷ് ഗോപിയുടെ പ്രതികരണം. കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കാനുള്ള സർക്കാർ നിർദേശം കേന്ദ്രം തള്ളിയിട്ടില്ലെന്ന് മന്ത്രി പി. രാജീവും പറഞ്ഞു.
കേരളത്തിന് എയിംസ് അനുവദിക്കുകയാണെങ്കിൽ ആലപ്പുഴയിൽ നിർമിക്കണമെന്ന കേന്ദ്ര സഹമന്ത്രിയുടെ വാക്കുകളാണ് പുതിയ തർക്കത്തിന് വഴി വെച്ചിരിക്കുന്നത്. ബിജെപി കാസർഗോഡ് ജില്ലാ കമ്മിറ്റി തുടർച്ചയായി എയിംസ് കാസർഗോഡെത്തിക്കാൻ ശ്രമം നടത്തുന്നതിനിടയിലാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന. ഇതാണ് വിഭാഗീയതയ്ക്ക് ഇടയാക്കിയത്. കാസർഗോഡാണ് എയിംസിന്റെ ആവശ്യകതയെന്നും മറിച്ചുള്ള അവകാശവാദങ്ങൾ തെറ്റാണെന്നും ബിജെപി കോഴിക്കോട് മേഖലാ പ്രസിഡന്റ് കെ. ശ്രീകാന്ത് പറഞ്ഞു.
ജെ.പി. നദ്ദ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി ശ്രീകാന്ത് എയിംസിനായി ചർച്ച നടത്തിയിരുന്നു. മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉൾപ്പെടെയുള്ളവർ അനുകൂല സമീപനം സ്വീകരിക്കുകയും ചെയ്തതിന് പിന്നാലെ സുരേഷ് ഗോപി മറ്റൊരു ജില്ലയുടെ പേര് പറഞ്ഞതാണ് പ്രകോപനത്തിന് ഇടയാക്കിയത്. അതേസമയം കോഴിക്കോട് കിനാലൂരിലാണ് സംസ്ഥാന സർക്കാർ സ്ഥലം നിർദേശിച്ചതെന്നും, ഇത് അനുയോജ്യമല്ലെന്ന് കേന്ദ്രം പറയാത്ത സാഹചര്യത്തിൽ ആലപ്പുഴയിൽ എയിംസ് വേണമെന്ന് സുരേഷ് ഗോപി പറയുന്നത് എങ്ങനെയെന്ന് അറിയില്ലെന്നുമാണ് മന്ത്രി പി. രാജീവിൻ്റെ പ്രസ്താവന.
ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പെടെ പലരും എയിംസ് കാസർഗോഡെത്തിക്കാനുള്ള ശ്രമം നടത്തിയിരുന്നു. ഇതിനെയെല്ലാം അവഗണിച്ചുള്ള സുരേഷ് ഗോപിയുടെ പ്രസ്താവനയിൽ മുതിർന്ന നേതാക്കൾക്കും നീരസമുണ്ട്.