കണ്ണൂർ: സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഗോവിന്ദച്ചാമി ജയില്‍ ചാടുന്ന ദൃശ്യങ്ങള്‍ പുറത്ത്. സെല്ലിനുള്ളില്‍ നിന്ന് പുറത്തു കടക്കുന്ന 10 ബി ബ്ലോക്കിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പരസഹായമില്ലാതെ ഒറ്റയ്ക്കാണ് ഇയാള്‍ സെല്ലിന് പുറത്തുകടക്കുന്നത്.
നേരത്തെ ഗോവിന്ദച്ചാമി മുറിച്ചുമാറ്റിയ സെല്ലിലെ അഴികളുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഉപ്പ് വെച്ച് സെല്ലിന്റെ കമ്പികള്‍ തുരുമ്പിപ്പിച്ചതിന് ശേഷം താഴ് ഭാഗം അറത്തുമാറ്റുകയായിരുന്നു. മുറിച്ചു മാറ്റിയ ഈ അഴികള്‍ക്കിടയിലൂടെ ഗോവിന്ദച്ചാമി നൂഴ്ന്ന് ഇറങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാം. ജയില്‍ വളപ്പിലൂടെ ഗോവിന്ദച്ചാമി നടക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ 25ാം തീയതി പുലർച്ചെ 1.30ക്കാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. ഇതിനായി മൂന്ന് മാസത്തോളമാണ് ഇയാള്‍ തയ്യാറെടുത്ത്. അഴികള്‍ക്കുള്ളിലൂടെ പുറത്തുകടക്കാന്‍ ചോറ് ഒഴിവാക്കി ചപ്പാത്തി മാത്രം കഴിച്ചു. അങ്ങനെ ശരീരഭാരം കുറച്ചു.
പുലർച്ചെ അഞ്ചോടെയാണ് കുറ്റവാളി ജയില്‍ ചാടിയ വിവരം ജയിൽ ഉദ്യോഗസ്ഥർ അറിഞ്ഞത്. തുടർന്ന് ജയിൽ വളപ്പിൽ ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തി. ആറരയോടെയാണ് വിവരം പൊലീസിനെ അറിയിക്കുന്നത്. പിന്നാലെ അഞ്ച് മണിക്കൂറോളം നീണ്ട തെരച്ചിൽ. 9.15 ഓടെ കണ്ണൂർ ഡിസിസി ഓഫീസ് പരിസരത്ത് ഗോവിന്ദച്ചാമിയെ കണ്ടതായി നാട്ടുകാരൻ വിവരം നൽകി. തുടർന്ന് 10.45ഓടെ കണ്ണൂര്‍ തളാപ്പിലെ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൻ്റെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിലെ കിണറ്റിൽ നിന്നുമാണ് ഗോവിന്ദച്ചാമിയെ പൊലീസ് പിടികൂടിയത്.