കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധിക്ക് ശേഷം നടത്തിയ ആദ്യ പ്രതികരണത്തിൽ മഞ്ജു വാര്യർക്കെതിരെ ദിലീപ്. "ദൈവത്തിന് നന്ദി. ക്രിമിനല്‍ ഗൂഢാലോചന ഉണ്ട് എന്നും ആ ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കണം എന്നും മഞ്ജു പറഞ്ഞതിന് ശേഷമാണ് എനിക്കെതിരെ ഗൂഢാലോചന ആരംഭിച്ചത്. അതിന് പൊലീസിലെ ഒരു മേലുദ്യോഗസ്ഥയും ഒരു സംഘം ക്രിമിനല്‍ പൊലിസുകാരും ചേര്‍ന്നാണ് ഈ കേസ് ഉണ്ടാക്കിയെടുത്തത്." ദീലീപ് പറഞ്ഞു.
പൊലീസ് സംഘം കേസിലെ മുഖ്യപ്രതിയെയും മറ്റ് പ്രതികളെയും കൂട്ട്പിടിച്ച് തനിക്കെതിരായ കള്ളക്കഥ മെനഞ്ഞെടുത്തു. അവർ ചില മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും കൂട്ട് പിടിച്ചു സാമൂഹ്യമാധ്യമങ്ങളിലുടെ ഈ കഥ പ്രചരിപ്പിക്കുകയും ചെയ്തു. യഥാര്‍ഥ ഗൂഢാലോചന തനിക്കെതിരെയാണ് നടന്നത്. തന്റെ ഇമേജും ജീവിതവും തകര്‍ക്കാന്‍ നടത്തിയതാണ് ഈ ഗൂഢാലോചനയെന്നും ദിലീപ് പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപിനെ ഇന്ന് കോടതി കുറ്റവിമുക്തനാക്കി. ഒന്നു മുതൽ ആറുവരെയുള്ള പ്രതിക്കൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിഞ്ഞെന്ന് കോടതി അറിയിച്ചു. എട്ടാം പ്രതി ദിലീപ് കുറ്റവിമുക്തൻ ആണെന്നും കോടതി വിധി. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി തമ്മനം മണി എന്ന ബി.മണികണ്ഠന്‍, നാലാം പ്രതി വി.പി.വിജീഷ്, അഞ്ചാം പ്രതി വടിവാള്‍ സലിം എന്ന എച്ച്.സലിം, ആറാം പ്രതി പ്രദീപ് എന്നിവരാണ് ബലാത്സംഗക്കേസിലെ ആറ് പ്രതികള്‍. ഏഴ് മുതൽ 10 വരെയുള്ള നാല് പ്രതികളെ കോടതി വെറുതെ വിട്ടു.
ക്രിമിനൽ ഗൂഢാലോചന, അന്യായതടങ്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ആക്രമണം, കൂട്ടബലാത്സംഗം, ഭീഷണിപ്പെടുത്തൽ, തെളിവുനശിപ്പിക്കൽ, തട്ടിക്കൊണ്ടുപോകൽ, പ്രേരണാക്കുറ്റം, പൊതു ഉദ്ദേശ്യത്തോടെ കുറ്റകൃത്യം, ഐടി നിയമപ്രകാരം സ്വകാര്യ- ചിത്രമോ ദൃശ്യമോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യൽ എന്നീ കുറ്റങ്ങളാണ് ഒന്നുമുതൽ ആറുവരെ പ്രതികൾക്കും എട്ടാം പ്രതി ദിലീപിനുമെതിരെ ചുമത്തിയത്. ഇതിലാണ് ആറ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയത്.