

കൊച്ചി: ലൈംഗികാതിക്രമ കേസിൽ ജാമ്യം ലഭിച്ച സംവിധായകൻ രഞ്ജിത്ത് ജയിലിൽ നിന്നും പുറത്തിറങ്ങി. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന് ജാമ്യം അനുവദിച്ചത്. രഞ്ജിത്തിൻ്റെ ആരോഗ്യ നില പരിഗണിച്ച ശേഷമാണ് ജാമ്യം അനുവദിച്ചത്.
എറണാകുളം ജില്ല വിട്ടു പോകരുത്, മൂന്ന് മാസം വരെ എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, പാസ്പോർട്ട് സറണ്ടർ ചെയ്യണം, കൃത്യം നടന്ന സ്ഥലത്ത് പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ ഹാജരാകണം എന്നീ കർശന ഉപാധികളോടെയാണ് രഞ്ജിത്തിന് ജാമ്യം നൽകിയത്.
കാരവാനിൽ വെച്ച് മോശമായി പെരുമാറിയെന്ന നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നും ആരോപണം നിഷേധിക്കുന്നുവെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു. ജനുവരി 30നാണ് നടിക്കെതിരെ ലൈംഗികാതിക്രമം നടന്നതെന്നാണ് റിപ്പോർട്ട്. റിപ്പോർട്ടിൽ രഞ്ജിത്തിനെതിരെ മുമ്പുണ്ടായിരുന്ന കേസുകളും പരാമർശിക്കുന്നുണ്ട്.