കോഴിക്കോട്:നിയസഭ തെരഞ്ഞെടുപ്പിൽ വടകര സീറ്റിനായി ആർജെഡിയിൽ വടംവലി. സീറ്റ് ആവശ്യപ്പെട്ട് മനയത്ത് ചന്ദ്രനും എം.കെ ഭാസ്കരനും രംഗത്തെത്തിയതോടെ ആർജെഡി നേതൃത്വം വെട്ടിലായി. സീറ്റിനായി സലിം മടവൂരും ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇത് പ്രതിസന്ധി രൂക്ഷമാക്കുകയാണ്. സീറ്റ് തർക്കത്തിൽ സിപിഐഎമ്മിനും കടുത്ത അതൃപ്തിയുണ്ട്.
ജനതാ പാർട്ടികളെ പിന്തുണയ്ക്കുന്ന മണ്ഡലമാണ് വടകര. കഴിഞ്ഞ തവണ ആർഎംപി സ്ഥാനാർഥി കെ.കെ. രമയാണ് വടകരയിൽ വിജയിച്ചത്. അതിനാൽ ഇത്തവണ ആർഎംപിയിൽ നിന്ന് മണ്ഡലം തിരിച്ചുപിടിക്കുക എന്നതാണ് എൽഡിഎഫിൻ്റെ ലക്ഷ്യം.
കഴിഞ്ഞ തവണ മത്സരിച്ച മനയത്ത് ചന്ദ്രനാണ് സീറ്റ് നൽകണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. 2016ലും ചന്ദ്രൻ വടകരയിൽ മത്സരിച്ചിരുന്നു. ഏറാമല പഞ്ചായത്തിൽ ഏറെക്കാലം പ്രസിഡൻ്റായി പ്രവർത്തിച്ച എം.കെ. ഭാസ്‌കരനാണ് സീറ്റിനായി രംഗത്തെത്തിയ മറ്റൊരു വ്യക്തി. ആർജെഡി സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാറിന്റെ പിന്തുണ എം.കെ. ഭാസ്കരനാണെന്നതും പ്രസക്തമാണ്.
അതേസമയം സീറ്റ് തർക്കത്തിൽ സിപിഐഎമ്മിന് വലിയ അതൃപ്തിയുണ്ട് സലീം മടവൂരിനെ മത്സരിപ്പിക്കാനാണ് സിപിഐഎമ്മിന് താൽപ്പര്യം എന്ന പ്രാദേശിക വിവരവും ലഭിക്കുന്നുണ്ട്.