സാമ്പത്തിക സംവരണത്തില്‍ ഭിന്നത; കത്തോലിക്കാ കോണ്‍ഗ്രസും ലത്തീൻ സഭയും രണ്ട് തട്ടില്‍, നിലപാട് അറിയിക്കാതെ കെസിബിസി

ഇഡബ്ല്യുഎസ് സംവരണത്തിനെതിരേയുള്ള വി.ടി. ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സംവരണ വിഷയം വീണ്ടും കത്തിപടരാന്‍ കാരണം
സാമ്പത്തിക സംവരണത്തില്‍ കത്തോലിക്കാ സഭയില്‍ ഭിന്നത
സാമ്പത്തിക സംവരണത്തില്‍ കത്തോലിക്കാ സഭയില്‍ ഭിന്നത Source: News Malayalam 24x7
Published on

എറണാകുളം: സാമ്പത്തിക സംവരണത്തെ ചൊല്ലി കേരള കത്തോലിക്കാ സഭയിൽ ഭിന്നത. ഇഡബ്ല്യൂഎസ് സംവരണം അട്ടിമറിക്കാനുള്ള നീക്കം ചെറുക്കുമെന്ന് സിറോ മലബാർ സഭയുടെ അല്മായ സംഘടനയായ കത്തോലിക്കാ കോൺഗ്രസ് പ്രഖ്യാപിച്ചു. സംവരണം പുനഃപരിശോധിക്കണമെന്നാണ് ലത്തീൻ കത്തോലിക്കാ സഭയുടെ ആവശ്യം. എന്നാല്‍, വിഷയത്തിൽ ഒരു നിലപാട് സ്വീകരിക്കാൻ കെസിബിസിക്ക് ഇതുവരെ സാധിച്ചിട്ടില്ല .

സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്ന വലിയ ഒരു വിഭാഗം സംവരണാനുകൂല്യം ഇല്ലാത്തവരുടെ ഒപ്പമോ അതിലും മെച്ചപ്പെട്ട നിലവാരത്തിലേക്കോ എത്തിയിട്ടുണ്ടെന്നാണ് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ജനറൽ സെക്രട്ടറി ജോസുകുട്ടി ഒഴുകയിൽ പറയുന്നത് . അതുകൊണ്ട് സംവരണേതര വിഭാഗത്തിന്റെ അവസരങ്ങള്‍ കുറഞ്ഞു. യഥാർഥത്തില്‍ ഈ പ0 ശതമാനം മാത്രമാണ് സംവരണേതര വിഭാഗത്തിന് ഗുണകരമായിട്ടുള്ളതെന്നും ജോസുകുട്ടി ഒഴുകയില്‍ കൂട്ടിച്ചേർത്തു.

സർക്കർ കമ്മീഷനെ നിയോഗിച്ച്, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തി, സംവരണം പുനഃക്രമീകരിക്കണമെന്നുമാണ് കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് ആവശ്യപ്പെടുന്നത്. തങ്ങള്‍ക്ക് ലഭിക്കേണ്ട സംവരണം മുന്നാക്കക്കാർ കൊണ്ടുപോകുന്നു എന്ന വിമർശനമാണ് ലത്തീന്‍ സഭ ഉന്നയിക്കുന്നത്. 5.5. ശതമാനം പോലും 'മുന്നാക്കക്കാരിലെ പിന്നാക്കകാരില്ല' എന്നും അനർഹരെ കുത്തിക്കയറ്റാനുള്ള ശ്രമമാണെന്നുമാണ് ആരോപണം. എന്നാല്‍ ഈ വിഷയത്തില്‍ ഒരു പൊതു നിലപാട് സ്വീകരിക്കേണ്ട എന്ന നിലപാടിലാണ് കെസിബിസി.

സാമ്പത്തിക സംവരണത്തില്‍ കത്തോലിക്കാ സഭയില്‍ ഭിന്നത
'ഈ വ്യാജന്മാർക്ക് മാപ്പില്ല'; താൽക്കാലിക ഭിന്നശേഷി മറയാക്കി നിയമന സംവരണം അട്ടിമറിക്കുന്നു, അർഹരായവർ പ്രതിസന്ധിയില്‍

സാമ്പത്തിക ദുർബലവിഭാഗങ്ങൾക്കുള്ള ഇഡബ്ല്യുഎസ് സംവരണത്തിനെതിരേയുള്ള കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സംവരണ വിഷയം വീണ്ടും കത്തിപടരാന്‍ കാരണം. കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ഇഡബ്ല്യുഎസ് സംവരണത്തിലൂടെ 'മുന്നാക്കരില്‍ മുന്നാക്കരായ' ക്രിസ്ത്യൻ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ എംബിബിഎസ് സീറ്റുകൾ അനർഹമായി നേടിയെന്നായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ ആരോപണം. സംവരണം കാരണം "മെറിറ്റും" കഴിവും ഇല്ലാതാവും എന്ന പഴയ മുദ്രാവാക്യം ഉയർത്താൻ ഇന്നിപ്പോൾ ആളില്ലാതായതും ഇഡബ്ല്യൂഎസ് വന്നതിൽപ്പിന്നെയാണെന്നും ഈ പോസ്റ്റില്‍ പറയുന്നു.

സിറോ മലബാർ സഭയുടെ മെത്രാന്‍ സമിതിയുടെ സിനഡ് സമ്മേളനത്തില്‍ വി.ടി. ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഒരു ദിവസം മുഴുവന്‍ ചർച്ച ചെയ്തിരുന്നു. കടുത്ത ഭാഷയിലുള്ള വിമർശനമാണ് ബല്‍റാമിന്റെ പോസ്റ്റിനെതിരെ ഉയർന്നത്. ഇത് ഏറ്റെടുത്ത കത്തോലിക്കാ കോണ്‍ഗ്രസ് ഇഡബ്യൂഎസില്‍ ഒരു ശതമാനം പോലും വിട്ടുകൊടുക്കാന്‍ തയ്യാറല്ലായെന്നും പ്രഖ്യാപിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com