
കൊച്ചി: വ്യാജ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കി ഭിന്നശേഷി നിയമനം അട്ടിമറിക്കുന്ന സംഘങ്ങളെ തെളിവുകൾ സഹിതം ന്യൂസ് മലയാളം തുറന്നുകാട്ടിയിരുന്നു. സമാന രീതിയിൽ താൽക്കാലിക ഭിന്നശേഷി മറയാക്കി സംവരണം അട്ടിമറിക്കുന്ന സംഘങ്ങളും സജീവമാണ്. നിയമത്തിലെ പഴുതുകൾ മുതലെടുത്താണ് സംഘം പ്രവർത്തിക്കുന്നത്. ന്യൂസ് മലയാളം അന്വേഷണ പരമ്പര തുടരുന്നു - 'ഈ വ്യാജന്മാർക്ക് മാപ്പില്ല'.
2016ലെ Right of Persons with disability act പ്രകാരം ജോലി സംവരണം ലഭിക്കുന്നത് ബെഞ്ച്മാർക്ക് ഡിസൈബിലിറ്റി ഉള്ളവർക്ക് മാത്രമാണ്. 40 ശതമാനം അല്ലെങ്കിൽ അതിലധികം സ്ഥിരമായ ഭിന്നശേഷിയെ പറയുന്നതാണ് ബെഞ്ച്മാർക്ക് ഡിസൈബിലിറ്റി. അതായത് താൽക്കാലിക ഭിന്നശേഷിക്കാർക്ക് അല്ലെങ്കിൽ താൽക്കാലിക ഭിന്നശേഷി സർട്ടിഫിക്കറ്റ് ഉള്ളവർക്ക് സർക്കാർ / പബ്ലിക് സർവീസ് ജോലികളിൽ സംവരണം ലഭ്യമല്ല എന്ന് സാരം.
കണ്ണൂർ തോട്ടടയിലെ ഒരു സ്കൂളിൽ ഭിന്നശേഷി സംവരണത്തിലൂടെ ഹിന്ദി അധ്യാപകനായി സ്ഥിര നിയമനം നേടിയ മലപ്പുറം സ്വദേശിയായ അധ്യാപകന്റെ ഭിന്നശേഷി സർട്ടിഫിക്കറ്റ് പരിശോധിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റേത് താൽക്കാലിക ഭിന്നശേഷി എന്ന് വ്യക്തം. ഇതേ ഭിന്നശേഷി സർട്ടിഫിക്കറ്റിലും അധ്യാപകന്റെ യുഡി ഐഡി കാർഡിലും അദ്ദേഹത്തിന്റെ രോഗം ക്രോണിക്ക് ന്യൂറോളജിക്കല്‍ കണ്ടീഷന്‍സ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2016ലെ RPwD act പ്രകാരം ക്രോണിക്ക് ന്യൂറോളജിക്കല്‍ കണ്ടീഷന്‍സ് ഉൾപ്പെടെ 21 രോഗങ്ങൾ ഭിന്നശേഷി ഗണത്തിൽ ഉൾപ്പെടുന്നു. എന്നാൽ അതേ ആക്ടിലെ 34(1) വ്യക്തമാക്കുന്നത് 11 രോഗങ്ങക്ക് മാത്രമേ തൊഴിൽ സംവരണം ഉള്ളൂ എന്നതാണ്. ആ 11 രോഗങ്ങളിൽ ക്രോണിക്ക് ന്യൂറോളജിക്കല്‍ കണ്ടീഷന്‍സ് ഉൾപ്പെടുന്നില്ല.
അതായത് ഒരു അധ്യാപകന്റെ ഭിന്നശേഷി നിയമനത്തിൽ നടന്നിട്ടുള്ളത് രണ്ട് നിയമ ലംഘനങ്ങളാണ്. അധ്യാപകന് ഉള്ളത് താൽക്കാലിക ഭിന്നശേഷി, രോഗം ക്രോണിക്ക് ന്യൂറോളജിക്കല്‍ കണ്ടീഷന്‍സ്. രണ്ടിനും തൊഴിൽ സംവരണം ഇല്ല. നടന്നിരിക്കുന്നത് നഗ്നമായ നിയമ ലംഘനം എന്ന് തെളിവുകൾ പറയുന്നു.
താൽക്കാലിക ഭിന്നശേഷിക്കാർക്ക് സ്ഥിര നിയമനം നൽകാൻ സാധിക്കില്ലെന്ന് കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ തന്നെ വ്യക്തമാക്കി.താൽക്കാലിക ഭിന്നശേഷിക്കാർക്ക് നിയമനം നൽകുന്നതിനെതിരെ ഭിന്നശേഷി സംഘടനകൾ തന്നെ പല ആവർത്തി പരാതികൾ നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് കേരള എയ്ഡഡ് ടീച്ചേർസ് കളക്റ്റീവ് സംസ്ഥാന പ്രസിഡന്റ് ബിൻസിൻ പറയുന്നു.
ഭിന്നശേഷി സംവരണത്തിലെ പഴുതുകൾ മുതലെടുത്താണ് താൽക്കാലിക ഭിന്നശേഷിക്കാർ നിയമനം നേടുന്നത്. അപ്പോഴും അർഹരായിട്ടും നിയമനം ലഭിക്കാതെ പുറത്തു നിൽക്കേണ്ടി വരുന്നത് കുറെ പാവപ്പെട്ട മനുഷ്യരാണ്. 2016 ലെ RPwD ആക്ടിൽ ഭേദഗതി വരുത്തി തൊഴിൽ സംവരണം 21 രോഗങ്ങൾക്കും ലഭ്യമാക്കണം എന്ന ആവശ്യവും പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്.