കൊല്ലം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ച വേണുവിന് നീതി കിട്ടുമെന്ന് വിശ്വസിക്കുന്നില്ലെന്ന് ഭാര്യ സിന്ധു. ആരോപണം തെളിയിക്കുന്ന രേഖകളുമായി നാളെ ഹാജരാകാൻ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ചടങ്ങുകൾ പൂർത്തിയാകാതെ മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർക്ക് മുൻപാകെ ഹാജരാകില്ലെന്നും സിന്ധു ന്യൂസ് മലയാളത്തോട് പറഞ്ഞു.
ഈ അവസ്ഥയിൽ തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച രീതി ശരിയായില്ലെന്നാണ് സിന്ധു പറയുന്നത്. വീട്ടിൽ എത്തി മൊഴി രേഖപ്പെടുത്തുമെന്നാണ് കരുതിയത്. ഇനി മെഡിക്കൽ കോളേജിൽ വേണുവിനെ കൊണ്ടു പോയതുo, വേണു മരിച്ചതും തെറ്റായി പോയെന്ന് പറയാതിരുന്നാൽ ഭാഗ്യമെന്നും സിന്ധു ന്യൂസ് മലയാളത്തോട് പറഞ്ഞു.
വേണുവിന് സാധ്യമായ ചികിത്സകളും നൽകിയെന്നും കാര്യങ്ങൾ ഗുരുതരമാക്കിയത് ശ്വാസകോശത്തിലെ നീർക്കെട്ട് ആണെന്നുമായിരുന്നു മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ടിൽ പറഞ്ഞത്. ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണം കൂടുതലാണ്. ഇതാണ് രോഗികളെ നിലത്ത് കിടത്താൻ കാരണം. റഫറൽ സംവിധാനം ശക്തമാക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നുണ്ട്.
നവംബർ 6നാണ് ഓട്ടോ ഡ്രൈവറായ പന്മന സ്വദേശി വേണു മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിക്കുന്നത്. പിന്നാലെ മെഡിക്കൽ കോളേജിൻ്റെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി കുടുംബം രംഗത്തെത്തി. എന്നാൽ വേണുവിൻ്റെ കാര്യത്തിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ട് ഡോ. സി.ജി. ജയചന്ദ്രന്‍ പറഞ്ഞത്. വേണു ആന്‍ജിയോഗ്രാം ചെയ്യാന്‍ പറ്റുന്ന അവസ്ഥയായിരുന്നില്ലെന്നും ക്രിയാറ്റിനിന്‍ അടക്കം കൂടുതല്‍ ആയിരുന്നുവെന്നും സൂപ്രണ്ട് അറിയിച്ചിരുന്നു. അത് നിയന്ത്രിക്കാതെ ആന്‍ജിയോഗ്രാം ചെയ്യാന്‍ സാധിക്കുമായിരുന്നില്ലെന്നും സൂപ്രണ്ട് പറഞ്ഞു.