

മണ്ണന്തല രഞ്ജിത്ത് വധക്കേസിൽ പ്രതികൾക്ക് കടുത്ത ശിക്ഷ വിധിച്ച് കോടതി. ഒന്നാം പ്രതി അമ്പലമുക്ക് കൃഷ്ണകുമാർ, പതിനൊന്നാം പ്രതി എന്നിവർക്ക് ഇരട്ട ജീവപര്യന്തം തടവാണ് വിധിച്ചത്. അഞ്ച് പ്രതികൾക്ക് ജീവപര്യന്തം കൂടാതെ പത്തര വർഷം കഠിന തടവും ലഭിച്ചു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.
സിപിഐഎം-ഡിവൈഎഫ്ഐ പ്രവർത്തകരാണ് കേസിലെ പ്രതികൾ. സിപിഐഎം പ്രവർത്തകനായിരുന്ന വഞ്ചിയൂർ വിഷ്ണുവിന്റെ കൊലപാതകത്തിന് പ്രതികാരമായിട്ടായിരുന്നു കൊലപാതകം.വിഷ്ണു വധക്കേസിൽ പ്രതിയായിരുന്നു കൊല്ലപ്പെട്ട രഞ്ജിത്ത്.
2008 ഒക്ടോബർ 17ന് പുലർച്ചെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മണ്ണന്തല കോട്ടമുകളിലെ സ്വന്തം ഉടമസ്ഥതയിലുള്ള വിനായക ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ് കടയിൽ നിൽക്കുകയായിരുന്ന ആർഎസ്എസ് പ്രവർത്തകൻ രഞ്ജിത്തിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രണ്ട് കാറുകളിലും ബൈക്കിലുമായെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. 47 തവണ വെട്ടേറ്റാണ് രഞ്ജിത്ത് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.
വിധി പുറത്തുവന്നതിന് പിന്നാലെ കോടതിക്ക് പുറത്ത് ആർഎസ്എസ് പ്രവർത്തകർ പടക്കം പൊട്ടിച്ച് ആഘോഷിച്ചു. വിധി പറയുന്ന സമയത്ത് കോടതിക്കുള്ളിലും പാർട്ടി പ്രവർത്തകർ തമ്പടിച്ചിരുന്നു. സംഘർഷസാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് കോടതി പരിസരത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. നേരത്തെ കുറ്റക്കാരെന്ന് കണ്ടെത്തിയതിന് പിന്നാലെയും കോടതി വളപ്പിൽ സിപിഐഎം-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷാവസ്ഥയുണ്ടായിരുന്നു.