"സ്ത്രീധനത്തിൻ്റെ പേരിൽ അവർ എന്നെ കൊല്ലാക്കൊല ചെയ്തു, ഗർഭിണിയായിരിക്കെ കഴുത്തിൽ ബെൽറ്റ് മുറുക്കി വലിച്ചു... എൻ്റെ മരണത്തിന് ഉത്തരവാദി അവരാണ്..."
വിസ്മയ കേസ് പ്രതി കിരൺകുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചെന്ന വാർത്ത പുറത്തുവന്ന് ദിവസങ്ങൾക്കകം കേരളത്തെയാകെ ഞെട്ടിച്ച് മറ്റൊരു സ്ത്രീധന പീഡനമരണം പുറത്തുവന്നു. ഷാർജയിൽ മലയാളി യുവതിയുടെയും ഒന്നര വയസുകാരി മകളുടെയും മരണം. സ്ത്രീധനത്തിൻ്റെ പേരിൽ ആ പെൺകുട്ടി അനുഭവിക്കേണ്ടി വന്ന ശാരീരിക-മാനസിക പീഡനങ്ങളുടെ ശബ്ദസന്ദേശങ്ങളും കുറിപ്പുകളും മലയാളിയുടെ കാതിൽ അലയടിച്ചു. ഭർതൃകുടുംബം കൊല്ലാക്കൊല ചെയ്തുവെന്ന് അവൾ അവസാനമായി എഴുതിവെച്ചു. നൂറ് ശതമാനം സാക്ഷരതയെന്ന മേനി എന്തിനും ഏതിനും ഓർമിപ്പിക്കുന്ന സംസ്ഥാനത്ത് അവളിനി മണ്ണോട് ചേരും... അപ്പോഴും തൻ്റെ പിഞ്ചോമനയ്ക്കൊപ്പം ഒരേ മണ്ണിൽ അന്ത്യവിശ്രമം നടത്താൻ പോലും അനുവദിക്കാതെ, മരണത്തിന് ശേഷവും ലോകം അവളോട് നെറികേട് തുടരും. ഇത് വിവാഹം സ്വപ്നങ്ങളും പ്രതീക്ഷകളും തകർത്തുകളഞ്ഞ വിപഞ്ചികയെന്ന 33കാരിയുടെ കഥയാണ്...
ജൂലൈ ഒൻപതിനാണ് കേരളത്തെയും പ്രവാസലോകത്തെയും ഞെട്ടിച്ചുകൊണ്ട് വിപഞ്ചികയുടെയും കുഞ്ഞ് ഒന്നര വയസുകാരി വൈഭവിയുടെയും മരണവാർത്ത പുറത്തുവരുന്നത്. ഷാർജയിലെ അൽ നഹ്‌ദയിലെ ഫ്ലാറ്റിലാണ് ഇരുവരെയും തൊട്ടിൽ കയറിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
ഭർത്താവ് നിതീഷിനും കുടുംബത്തിനുമൊപ്പം ദുബായിൽ താമസിച്ചിരുന്ന വിപഞ്ചിക സ്വകാര്യ കമ്പനിയിൽ എച്ച്ആർ വിഭാഗത്തിൽ ജോലി ചെയ്ത്‌വരികയായിരുന്നു. സ്വകാര്യ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനീയറാണ് നിതീഷ്. 2020 ഡിസംബറിലാണ് കൊല്ലം സ്വദേശിനിയായ വിപഞ്ചികയുടെയും നിതീഷിൻ്റെയും വിവാഹം നടന്നത്. വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു അത്. എന്നാൽ വിവാഹത്തേക്കുറിച്ച് ഏതൊരാളും സ്വപ്നം കണ്ടതൊന്നുമായിരുന്നില്ല വിപഞ്ചികയുടെ പിന്നീടുള്ള നാളുകൾ...
അവൾ അനുഭവിച്ചുപോന്ന ഓരോന്നും ശബ്ദശകലങ്ങളിലൂടെയും കുറിപ്പുകളിലൂടെയും പുറത്തുവന്നപ്പോൾ ലോകം തന്നെ തരിച്ചുനിന്നു. "നിങ്ങളൊക്കെ ചിന്തിക്കുന്നതിന്റെ അങ്ങേ അറ്റം വരെ ഞാൻ പോയിട്ടുണ്ട്, പക്ഷെ അതിന് എനിക്ക് തിരിച്ച് കിട്ടിയിട്ടുള്ള കാര്യങ്ങളൊന്നും നിങ്ങൾക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. എല്ലാം എനിക്ക് അമ്മയോട് പറയാൻ പറ്റില്ല..." വിപഞ്ചിക അമ്മയ്ക്ക് അയച്ച അവസാന വോയിസ് മെസ്സേജുകളിൽ ഒന്ന് ഇങ്ങനെയായിരുന്നു.
മകൾ ഭർത്താവിൽ നിന്നും കുടുംബത്തിൽ നിന്നും നേരിട്ടത് ക്രൂരപീഡനമെന്ന് വിപഞ്ചികയുടെ അമ്മ വെളിപ്പെടുത്തി. ഒന്നര വയസുകാരി മകൾക്ക് സുഖമില്ലാതായാൽ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ പോലും നിതീഷ് കൂടെ പോകില്ല. നിതീഷിനൊപ്പം പുറത്തുപോകാൻ പോലും അയാളുടെ സഹോദരി നീതു സമ്മതിക്കില്ല. നീതുവിനേക്കാൾ സൗന്ദര്യമുണ്ടെന്ന് പറഞ്ഞ് വിപഞ്ചികയുടെ മുടി മൊട്ടയടിപ്പിച്ചു. മകൾ അനുഭവിച്ച നരകയാതനകൾ ഓരോന്നും ആ അമ്മ അലമുറയിട്ട് കരഞ്ഞ് പറഞ്ഞപ്പോൾ അവരോടൊപ്പം ഓരോ മലയാളിയുടെയും ഹൃദയം നുറുങ്ങി. വിവാഹശേഷം സ്ത്രീധനത്തിന്റെ പേരിൽ നിതീഷ് വിപഞ്ചികയെ നിരന്തരം ഉപദ്രവിച്ചിരുന്നതായും വിവാഹമോചനത്തിന് നിർബന്ധിച്ചിരുന്നതായും അടുത്ത ബന്ധുക്കൾ ആരോപിച്ചു. അവൾ ബന്ധുക്കൾക്കയച്ച ഓരോ ശബ്ദസന്ദേശങ്ങളും ഫോട്ടോകളുമെല്ലാം അത് തെളിയിക്കുന്നതായിരുന്നു.
നാട്ടിൽ പോകാൻ തുനിഞ്ഞപ്പോൾ മകളുടെ ഐഡി കാർഡുകളും പാസ്പോർട്ടും മാറ്റിവെച്ചുകൊണ്ടായിരുന്നു നിതീഷിൻ്റെ ക്രൂരത. വിപഞ്ചിക ഓരോ ദിവസവും അവിടെ അനുഭവിച്ച ക്രൂരത മറ്റാരും അറിയാതിരിക്കാനായിരുന്നു അത്. വളരെ ചെറുപ്പം മുതൽ തന്നെ അച്ഛനില്ലാതെ വളർന്നതിൻ്റെ വേദന അനുഭവിച്ച് വളർന്ന വിപഞ്ചിക, തൻ്റെ മകൾക്ക് ആ അവസ്ഥ വരരുതെന്ന് ആഗ്രഹിച്ചു. വിവാഹമോചനത്തിന് നിർബന്ധിച്ചപ്പോഴൊക്കെയും കുഞ്ഞിന് അച്ഛൻ കൂടെ വേണമെന്ന് അവൾ അയാളോട് കരഞ്ഞ് പറഞ്ഞു. അയാളുടെ ശാരീരിക, മാനസിക ഉപദ്രവങ്ങളൊക്കെയും അവൾ ഉള്ളിലൊതുക്കി.
എന്നാൽ സ്വന്തം പിഞ്ചോമനയെ കൊലപ്പെടുത്തി സ്വന്തം ജീവനൊടുക്കും മുൻപ് താൻ നേരിട്ട ക്രൂരകൃത്യങ്ങളോരോന്നും ലോകമറിയണമെന്ന് അവൾ ആഗ്രഹിച്ചു. തന്റെ മരണശേഷം സത്യം പുറത്തുവരുന്നതിനായും ഭർത്താവിൽ നിന്ന് നേരിട്ട പീഡനങ്ങൾ ലോകം അറിയുന്നതിനായും വിപഞ്ചിക കുറിപ്പുകളും ഫോട്ടോകളും തയ്യാറാക്കി ഫേസ്ബുക്കിൽ ഓട്ടോ പോസ്റ്റിങ്ങ് ചെയ്തിരുന്നു.
"മരിക്കാന്‍ ഒരാഗ്രഹവുമില്ല. കുഞ്ഞിന്റെ മുഖം കണ്ട് കൊതിതീര്‍ന്നിട്ടില്ല. നിതീഷിൻ്റെ അച്ഛന്‍ അപമര്യാദയായി പെരുമാറി. എന്നാൽ, അത് അന്നറിഞ്ഞിട്ടും അയാൾ പ്രതികരിച്ചില്ല. എന്റെ ഭര്‍ത്താവ് അതിനു പകരം, എന്നെ കല്യാണം ചെയ്തത് അയാള്‍ക്ക് കൂടി വേണ്ടിയാണ് എന്നായി. കല്യാണം ആഡംബരമായി നടത്തിയില്ല, സ്ത്രീധനം കുറഞ്ഞുപോയി, കാര്‍ കൊടുത്തില്ല എന്നൊക്കെ പറഞ്ഞ് കൊല്ലാക്കൊല ചെയ്തു. വീടില്ലാത്തവള്‍, പണമില്ലാത്തവള്‍, തെണ്ടി ജീവിക്കുന്നവള്‍ എന്നിങ്ങനെയെല്ലാം ആക്ഷേപിച്ചു. ഗര്‍ഭിണിയായി ഏഴാം മാസത്തില്‍ നിതീഷ് വീട്ടില്‍ നിന്നും ഇറക്കി വിട്ടു. കഴുത്തില്‍ ബെല്‍റ്റ് ഇട്ട് വലിച്ചു. പട്ടിയെ പോലെ തല്ലി, ഭക്ഷണം പോലും നൽകിയില്ല. എല്ലാം സഹിച്ചു ക്ഷമിച്ചു, കുഞ്ഞിനുവേണ്ടി. പക്ഷേ ഇനി വയ്യ. അവരെ വെറുതെ വിടരുത്, മടുത്തു," വിപഞ്ചിക ആ കത്തിൽ കുറിച്ച ഓരോ വാക്കും മനുഷ്യ മനസാക്ഷിയെ മരവിപ്പിച്ചു...
വിപഞ്ചികയുടെയും മകളുടെയും മരണത്തിന് പിന്നാലെ അമ്മയുടെ പരാതിയിൽ ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം, ഗാർഹിക പീഡനം എന്നീ വകുപ്പുകൾ ചുമത്തി നിതീഷിനും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തു. യുഎഇ കോൺസുലേറ്റിൽ നൽകിയ പരാതി പ്രകാരം, ഷാർജ പൊലീസും അന്വേഷണം ആരംഭിച്ചു. എന്നാൽ, ഇതുവരെയും ഒളിവിൽ കഴിയുന്ന നിതീഷിനെ സംബന്ധിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. കേസിൽ വിപഞ്ചികയ്ക്ക് നീതി ലഭിക്കുമോ എന്ന് വിപഞ്ചികയുടെ കുടുംബവും പൊതുസമൂഹവും ആകാംഷയോടെ കാത്തിരിക്കുകയാണ്.
വിപഞ്ചിക, വിഷ്ണുജ, വിസ്മയ, ഉത്ര... മാറുന്നത് പേരുകൾ മാത്രമാണ്. സ്ത്രീധനം ആവശ്യപ്പെട്ടാൽ അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന, 1961ൽ പാർലമെൻ്റ് പാസാക്കിയ ശക്തമായ നിയമം രാജ്യത്തുള്ളപ്പോഴാണ് സ്ത്രീധന പീഡനങ്ങളും കൊലപാതകങ്ങളും ദാരുണമരണങ്ങളും ആവർത്തിക്കുന്നത്.
സ്ത്രീധന പീഡനം ക്രിമിനൽ കുറ്റകൃത്യമാണ്. വധുവിൻ്റെ വീട്ടുകാരിൽ നിന്ന് വിവാഹച്ചെലവിന് വാങ്ങുന്ന പണം പോലും സ്ത്രീധനത്തിൻ്റെ പരിധിയിൽ വരും. പക്ഷെ, ഉന്നത വിദ്യാഭ്യാസം നേടിയ പെൺകുട്ടികൾ നിയമപരമായി മുന്നോട്ട് വരാത്തത് സമൂഹം നേരിടുന്ന വലിയൊരു ഭീഷണിയാണ്. അത് ഗൗരവമായി കാണാത്ത വീട്ടുകാരും, അന്വേഷണത്തിൽ അലംഭാവം വരുത്തുന്ന അന്വേഷണ ഉദ്യോഗസ്ഥർ അതിൻ്റെ മറ്റൊരു വശവും. സ്ത്രീധനം സംബന്ധിച്ച ചോദ്യങ്ങളുണ്ടാകുന്ന ഒരു വിവാഹത്തിൽ നിന്ന് സധൈര്യം പിന്മാറാൻ സാധിക്കുന്ന പെൺകുട്ടികളെയും, വീട്ടുകാരെയുമാണ് ഇതിനായി സമൂഹം വാർത്തെടുക്കേണ്ടത്. അതിന് വേണ്ടത് സാമൂഹിക അവബോധം സൃഷ്ടിക്കുകയാണ്...