തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ചിറയ്ക്കലിനെതിരെ വകുപ്പുതല അന്വേഷണത്തില്‍ നടപടിക്ക് ശുപാർശയില്ല. ഹാരിസിനെതിരായ അന്വേഷണം അവസാനിപ്പിക്കാം എന്നും വകുപ്പുതല അന്വേഷണ സമിതി. തിങ്കളാഴ്ച ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് റിപ്പോർട്ട് കൈമാറും.
ഹാരിസിന് എതിരെ നടപടി ഉണ്ടാകില്ലെന്ന് അധ്യാപക സംഘടനയായ കെജിഎംസിടിഎയ്ക്കും ആരോഗ്യവകുപ്പ് ഉറപ്പുനൽകി. കാരണം കാണിക്കല്‍ നോട്ടീസ് നൽകിയത് സ്വാഭാവിക പ്രക്രിയ മാത്രമാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമത്തെ കുറിച്ചുള്ള ഡോ. ഹാരിസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ അന്വേഷണ സമിതിയെ നിയോഗിച്ചത്. ഹാരിസ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നായിരുന്നു കമ്മിറ്റിയുടെ കണ്ടെത്തല്‍. ഇത് ചൂണ്ടിക്കാട്ടി ഹാരിസിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു. റിപ്പോർട്ടില്‍ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മോർസിലോസ്കോപ്പ് എന്ന ഉപകരണം കാണാനില്ലെന്നും പറഞ്ഞിരുന്നു. ഇക്കാര്യം ആരോഗ്യമന്ത്രി വീണാ ജോർജ് പരസ്യമായി ഉന്നയിക്കുകയും ചെയ്തു. തുടർന്ന് ആശുപത്രിയില്‍ ഡിഎംഇയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.
ആദ്യ ഘട്ടത്തില്‍ നടത്തിയ പരിശോധനയില്‍ ഡോ. ഹാരിസിന്റെ മുറിയില്‍ നിന്നും ബോക്സടക്കം മോർസിലോസ്കോപ്പ് കണ്ടെത്തിയെന്നാണ് പ്രിന്‍സിപ്പല്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചത്. ഇത് ഹാരിസ് മാറ്റിവെച്ചതല്ല മറ്റാരോ കൊണ്ടുവെച്ചതാണെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ വിശദീകരണം. സിസിടിവി ദൃശ്യങ്ങളില്‍ ഹാരിസിന്റെ മുറിയിലേക്ക് ആരോ കടക്കുന്നത് കാണാമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
എന്നാല്‍, കാണാതായ മോർസിലോസ്കോപ്പ് തന്റെ മുറിയില്‍ നിന്ന് കണ്ടെത്തിയെന്ന മെഡിക്കൽ കോളേജ് അധികൃതരുടെ വാദം ഡോക്ടർ ഹാരിസ് തള്ളി. പെട്ടിയിൽ ഉണ്ടായിരുന്നത് റിപ്പയർ ചെയ്തു കൊണ്ടുവന്ന നെഫ്രോസ്കോപ്പാണെന്നാണ് ഹാരിസിന്റെ വാദം.
പരിശോധന നടത്തിയവർക്ക് ഉപകരണം തിരിച്ചറിയാതെ പോയതിൽ തെറ്റ് പറയാൻ ആകില്ലെന്ന് ഡോ.ഹാരിസ് പറഞ്ഞു. താൻ മുറിയിൽ ഉണ്ടായിരുന്നെങ്കിൽ ഉപകരണത്തെ പറ്റി വിശദീകരിച്ച് നൽകുമായിരുന്നു. ഒപിയിലുള്ള സമയത്താണ് പരിശോധന നടന്നത്. റൂമിൽ ഒരു രഹസ്യവുമില്ലെന്നും ആർക്ക് വേണമെങ്കിലും കയറാമെന്നും ഡോ. ഹാരിസ് കൂട്ടിച്ചേർത്തു. അഞ്ച് ദിവസമായി അവധിയിലായിരുന്ന ഡോക്ടർ ഹാരിസ് ചിറയ്ക്കല്‍ ഇന്ന് ജോലിയില്‍ തിരികെ പ്രവേശിക്കും.