

നിപ രോഗബാധിതര്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവനയില്‍ വിവാദം. മന്ത്രി പറഞ്ഞ കാലയളവില്‍ നിപ ബാധിച്ച് മരിച്ച ആറ് രോഗികളും റെംഡിസിവിര്‍ മരുന്ന് സ്വീകരിക്കാത്തവരാണെന്ന് നിപാ രോഗ വിദഗ്ധന്‍ ഡോ. അനൂപ് കുമാര്‍ പറഞ്ഞു. മരണകാരണവും മരുന്നിന്റെ ഉപയോഗവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി. നിപക്കെതിരെ പോരാടിയ ആരോഗ്യ പ്രവര്‍ത്തകരുടെ ധാര്‍മികതയെയാണ് കെ.മുരളീധരന് ചോദ്യം ചെയ്യുന്നതെന്നാണ് മുന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ പ്രതികരണം. എന്നാല്‍ രോഗികള്‍ മരിച്ചതില്‍ തനിക്ക് സംശയമുണ്ട് എന്ന നിലപാടില്‍ ആരോഗ്യമന്ത്രി ഉറച്ച് നില്‍ക്കുകയാണ്.
നിപ ബാധിതര്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയിട്ടില്ലെന്ന് മുന്‍ നോഡല്‍ ഓഫീസര്‍ ഡോ. ആര് ചാന്ദ്നി ന്യൂസ് മലയാളത്തോട് പ്രതികരിച്ചു. ആരോഗ്യമന്ത്രി എന്തുകൊണ്ടാണ് ഈ ആരോപണം ഉന്നയിച്ചതെന്ന് അറിയില്ല. വിദഗ്ധ സംഘത്തിന്റെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും ഡോ. ആര് ചാന്ദ്നി പറഞ്ഞു.
മാത്യു കുഴല്നാടന് എംഎല്‍എയുടെ സബ്മിഷന് ആരോഗ്യമന്ത്രി സഭയില്‍ എഴുതി നല്കിയ മറുപടിയെച്ചൊല്ലിയാണ് വിവാദം കത്തിപ്പിടിക്കുന്നത്. നിപ രോഗികള്‍ക്ക് നല്കിയ റെംഡെസിവിര്‍ മരുന്ന് കാലാവധി കഴിഞ്ഞതാണോയെന്ന് സംശയമുണ്ടെന്ന് മന്ത്രിയുടെ മറുപടിയില്‍ പറയുന്നു. ഈ മരുന്ന് ഉപയോഗിച്ചത് കൊണ്ടാണോ നിപ ബാധിതര്‍ മരിച്ചതെന്ന് വിദഗ്ധ സമിതി പരിശോധിക്കുമെന്ന് ഇന്നലെ രാത്രി മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു.
സംസ്ഥാനത്ത് നിപ വൈറസ് ബാധ ആദ്യമായി കണ്ടെത്തുന്നതിലും രോഗത്തെ പ്രതിരോധിക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ച ക്രിട്ടിക്കല്‍ കെയര്‍ വിദഗ്ധനായ ഡോ.എ.എസ്.അനൂപാണ് ആരോഗ്യമന്ത്രിയെ തള്ളി ആദ്യമെത്തിയത്. റംഡിസിവര്‍ മരുന്ന് നല്കിയ രോഗികള്‍ മരിച്ചുവെന്ന മന്ത്രിയുടെ വാദം ഡോ.അനൂപ് തള്ളി. ആരോഗ്യമന്ത്രി പറഞ്ഞ കാലയളവില്‍ മരിച്ച ഒരു രോഗിക്കും റെംഡീസിവര് മരുന്ന് നല്‍കിയിട്ടില്ല. അഞ്ച് രോഗികള്‍ക്കും നിപ സ്ഥിരീകരിച്ചത് മരണശേഷമായിരുന്നു. മെഡിക്കല്‍ കോളജില്‍ മരുന്ന് നല്കിയ രണ്ട് രോഗികള്‍ രക്ഷപ്പെട്ടുവെന്നും ഡോ.അനൂപ് പറഞ്ഞു.
ആരോഗ്യമന്ത്രിയുടേത് നിരുത്തരവാദപരമായ പ്രസ്താവന എന്നാണ് മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ന്യൂസ് മലയാളത്തോട് പ്രതികരിച്ചത്. വളരെ സെന്‍സിറ്റീവായ വിഷയത്തില്‍ മന്ത്രി കള്ളം പറയുകയാണ്. മരുന്നിന്റെ കാലാവധിയെപ്പറ്റിയുള്ള വിവരങ്ങള്‍ KMSCL വെബ്സൈറ്റില്‍ ലഭ്യമാണ്. നിപക്കെതിരെ പോരാടിയ ആരോഗ്യ പ്രവര്‍ത്തകരുടെ ധാര്‍മികതയെ ചോദ്യം ചെയ്ത മന്ത്രി കെ.മുരളീധരന് പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണം.
പക്ഷേ പറഞ്ഞതിലുറച്ച് നില്‍ക്കുകയാണ് ആരോഗ്യമന്ത്രി. രോഗികളുടെ മരണത്തില്‍ തനിക്ക് സംശയമുണ്ട്. ക്ലിനിക്കല്‍ ട്രയലിനുള്ള മരുന്നാണോ രോഗികള്‍ക്ക് നല്‍കിയതെന്നും സംശയമുണ്ട്. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നും മന്ത്രി.
2021ല്‍ വാങ്ങിയ മരുന്നിന്റെ കാലാവധി 2023 മെയ് വരെയാണെന്നും, 2024ലും 25ലും ഇത് ഉപയോഗിച്ചെന്നും ആരോഗ്യമന്ത്രി ആവര്‍ത്തിക്കുന്നു. മരണകാരണവും റംഡിസിവര്‍ മരുന്നിന്റെ ഉപയോഗവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് ആരോഗ്യവിദഗ്ധരും മുന്‍ ആരോഗ്യമന്ത്രിയും നിഷേധിക്കുന്നു.