

കൊച്ചി: ബലാത്സംഗ കേസിൽ അറസ്റ്റ് തടയണമെന്ന രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഉച്ചയ്ക്ക് ഒരു മണിക്ക് വിധി പറയും. ഇന്ന് ഇരു വിഭാഗങ്ങളുടെയും അന്തിമ വാദം കേട്ട ശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് വിധി പറയാമെന്ന് കോടതി അറിയിച്ചു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ സഹായിച്ച ഡ്രൈവറെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. മലയാളിയായ ഡ്രൈവറാണ് കസ്റ്റഡിയിലായത്. ഇയാളാണ് രാഹുലിനെ ബെംഗളൂരുവിൽ എത്തിച്ചത്. ബെംഗളൂരുവിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ രഹസ്യ കേന്ദ്രത്തിൽ വച്ച് ചോദ്യം ചെയ്യുകയാണ്. ഹോട്ടലുടമയെയും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഗർഭച്ഛിദ്രത്തിലേക്ക് നയിച്ചത് ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയെന്ന് പ്രോസിക്യൂഷൻ. രാഹുൽ പരാതിക്കാരിയുടെ ഫ്ലാറ്റിലെത്തി ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കി. ഫ്ലാറ്റിൽ നിന്നും ചാടുമെന്നായിരുന്നു രാഹുൽ ഭീഷണി മുഴക്കിയത്. ഇതേ തുടർന്നാണ് ഗർഭച്ഛിദ്രത്തിന് സമ്മതിച്ചതെന്നും പ്രൊസിക്യൂഷൻ കോടതിയെ അറിയിച്ചു. കൃത്യമായ തെളിവുകൾ രാഹുലിനെതിരെ ഉണ്ടെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. തൻ്റെ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്ന് പറഞ്ഞായിരുന്നു രാഹുൽ പെൺകുട്ടിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
കൂടുതൽ രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. ചാറ്റിൻ്റെ പൂർണരൂപമടക്കമുള്ള ഡിജിറ്റൽ രേഖകൾ കോടതിക്ക് കൈമാറി. സെഷൻസ് കോടതിയിലാണ് രേഖകൾ സമർപ്പിച്ചത്.