ആലപ്പുഴ: ഹരിപ്പാട് പിഞ്ചുകുഞ്ഞുമായി ആനയ്ക്ക് മുന്നിൽ സാഹസം നടത്തിയ സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു. ദേവസ്വം പാപ്പാൻ ജിതിൻ രാജിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുട്ടിയുടെ അച്ഛൻ കൊട്ടിയം അഭിലാഷിനായി തെരച്ചിൽ ആരംഭിച്ചു. മൃഗങ്ങളെ ഉപയോഗിച്ചുള്ള ആക്രമണം, ജീവഹാനിക്കിടയാക്കുന്ന പ്രവർത്തനം എന്നീ വകുപ്പുകൾ ചേർത്തു. ജുവനൈൽ ജസ്റ്റിസ് പ്രകാരവും കേസെടുത്തു.
ജനുവരി മൂന്നാം തീയതിയാണ് സംഭവം. ഹരിപ്പാട് സ്കന്ദൻ്റെ താൽക്കാലിക പാപ്പാനായ കൊട്ടിയം അഭിലാഷ് ആണ് അഞ്ചുമാസം മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞുമായി സാഹസം കാണിച്ചത്. ചോറൂണിനായി കൊണ്ടുവന്ന കുഞ്ഞിനെ വച്ചാണ് അച്ഛനായ പാപ്പാൻ സാഹസികത നടത്തിയത്. പേടി മാറ്റാൻ എന്ന അന്ധവിശ്വാസത്തിന്റെ പേരിൽ കുഞ്ഞിനെ ആനയ്ക്ക് കീഴിലൂടെ വലം വെപ്പിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഇതിനിടെ കുഞ്ഞ് പപ്പാൻ്റെ കയ്യിൽ നിന്നു വഴുതി ആനയുടെ കാൽചുവട്ടിലേക്ക് വീണു. തല നാരിഴയ്ക്കാണ് കുഞ്ഞ് രക്ഷപ്പെട്ടത്. ആനയുടെ ഒന്നാം പാപ്പാൻ ഉൾപ്പടെ മദ്യ ലഹരിയിലാണെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.
പാപ്പാനെ കൊന്നതിനെ തുടർന്ന് മാസങ്ങളായി തളച്ചിട്ടിരിക്കുന്ന ആനയുടെ അടുത്ത് വച്ചാണ് സ്വന്തം കുഞ്ഞുമായി പാപ്പാൻ സാഹസം കാണിച്ചത്.