തിരുവനന്തപുരം: മരണാനന്തര ചടങ്ങിനിടെ മദ്യപിച്ചുണ്ടായ വാക്കുതർക്കത്തിനിടെ മൂന്ന് യുവാക്കൾ കിണറ്റിൽ വീണു. ആറ്റിങ്ങൽ സ്വദേശികളായ അനൂപ്, സനു, ശ്യാം എന്നിവരാണ് കിണറ്റിൽ വീണത്. കിണറിന് 50 അടിയോളം താഴ്ചയും ആറടിയോളം വെള്ളവും ഉണ്ടായിരുന്നു.
ഇവർ മദ്യലഹരിയിൽ കിണറിന് സമീപം ഇരുന്ന് സംസാരിക്കുകയായിരുന്നു. വാക്കുതർക്കം കയ്യാങ്കളിയിൽ കലാശിച്ചതോടെ മൂന്നുപേരും കിണറ്റിൽ വീഴുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് മൂവരെയും രക്ഷപ്പെടുത്തി. ആറ്റിങ്ങൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപമാണ് സംഭവം.