പാലക്കാട്: വാണിയംകുളത്ത് യുവാവിനെ ക്രൂരമർദത്തിനിരയാരക്കിയ സംഭവത്തിൽ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കീഴടങ്ങി. ഷൊർണൂർ ഡിവൈഎസ്പി ഓഫീസിലെത്തിയാണ് ബ്ലോക്ക് സെക്രട്ടറി രാകേഷ് കീഴടങ്ങിയത്. ഫേസ്ബുക്ക് കമൻ്റിനെ ചൊല്ലിയായിരുന്നു മുൻ ഡിവൈഎഫ്ഐ പ്രവർത്തകൻ വിനേഷിനെ ക്രൂരമർദനത്തിന് ഇരയാക്കിയത്.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് പനയൂർ സ്വദേശി വിനേഷിനെ അതിക്രൂരമായി ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചത്. രണ്ടിടങ്ങളിൽ വച്ച് അതിക്രൂരമായ അക്രമം വിനേഷിന് നേരിടേണ്ടിവന്നു. ബ്ലോക്ക് സെക്രട്ടറി സി. രാകേഷിന്റെ നിർദേശ പ്രകാരമാണ് വിനേഷിനെ മർദിച്ചതെന്ന് പിടിയിലായ പ്രതികൾ പൊലീസിന് മൊഴി നൽകിയിരുന്നു. ആക്രമിച്ച ഡിവൈഎഫ്ഐ നേതാക്കൾ ഉൾപ്പെടെ നാലുപേർ പിടിയിലായിരുന്നുവെങ്കിലും രാകേഷിനെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.
സംഭവം നടന്ന് അഞ്ച് ദിവസം പിന്നിടുമ്പോഴാണ് ഷൊർണൂർ ഡിവൈഎസ്പി ഓഫീസിലെത്തി രാകേഷ് കീഴടങ്ങിയത്. മുമ്പ് പിടിയിലായവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ രാകേഷിനെ വിശദമായി പൊലീസ് ചോദ്യം ചെയ്യും. ഫേസ്ബുക്കിൽ കമന്റിട്ടത് മാത്രമാണോ അക്രമത്തിന് കാരണമെന്ന് ഉൾപ്പെടെ പരിശോധിക്കും. രാകേഷ് ഉൾപ്പെടെയുള്ള ഡിവൈഎഫ്ഐ നേതാക്കളെ പാർട്ടിയിൽ നിന്ന് സിപിഐഎം സസ്പെൻഡ് ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ വിനേഷിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി ഉണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.