പത്തനംതിട്ട: ലഹരി കടത്ത് കേസിലെ പ്രതികളുമായുള്ള നിരന്തര സമ്പർക്കത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പത്തനംതിട്ട റാന്നി സ്റ്റേഷനിലെ സിപിഒ മുബാറക്കിനെതിരെയാണ് നടപടി. പത്തനംതിട്ട എസ്‌പി ആണ് നടപടിയെടുത്തത്.
നർകോട്ടിക് സെൽ ഡിവൈഎസ്‌പി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവിയുടെ നടപടി. പത്തനംതിട്ട റാന്നി സ്റ്റേഷനിലെ സിപിഒ മുബാറക്കിന് ലഹരിക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന വിവരം പത്തനംതിട്ട എസ്‌പിക്ക് നേരത്തേ തന്നെ ലഭിച്ചിരുന്നു. തുടർന്ന് നർകോട്ടിക് സെൽ ഡിവൈഎസ്‌പിയുടെ നിരന്തര നിരീക്ഷണവും മുബാറക്കിന് മേൽ ഉണ്ടായിരുന്നു.
പത്തനംതിട്ട ജില്ലയിലെ വിവിധ ഭാഗങ്ങളിലെയും ജില്ലയ്ക്ക് പുറത്തെയും ലഹരി കടത്തുകാരുമായി മുബാറക്കിന് ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. ജില്ലാതലത്തിലെ മയക്കുമരുന്ന് വിരുദ്ധസേനയായ ഡാൻസാഫ് സംഘത്തിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ കൂടിയാണ് സസ്പെൻഷൻ നടപടി നേരിട്ട മുബാറക്ക്.
നേരുത്തേ തിരുവല്ല പൊലീസ് സ്റ്റേഷനിൽ ലഹരി കേസിൽ പിടിയിലായ പ്രതിയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് സിപിഒ മുബാറക്കിനുമേൽ സംശയം ഉണ്ടാകുന്നത്. പ്രതി മുബാറക്കുമായി ഫോണിൽ നിരന്തര സമ്പർക്കം നടത്തുന്നുണ്ടെന്നും കണ്ടെത്തി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മുബാറക്കിന്റെ ലഹരി മാഫിയ ബന്ധം സ്ഥിരീകരിക്കുന്നത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട ആളുകളെ സഹായിക്കുന്നതിനായി പദവി ദുരുപയോഗം ചെയ്തെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.